എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജയബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ 17കാരന്‍റെ പിതാവായ ജഡ്ജിയെയാണ് എറണാകുളം പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നത്. ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടു.
അപകടം ഉണ്ടായതിന് പിന്നാലെ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ തൻ്റെ അറിവോടെയല്ല, മകന്‍ വാഹനമെടുത്തതെന്നും ഉറങ്ങാന്‍ കിടന്ന സമയത്താണ് മകന്‍ വാഹനവുമെടുത്ത് പുറത്തേക്ക് പോയതെന്നുമായിരുന്നു ജഡ്ജി നല്‍കിയ മൊഴി. എന്നാൽ കേസിൽ ജഡ്ജിക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
പൊലീസുമായി കുടുബം ചർച്ച നടത്തുകയും, ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
17 കാരനിൽ നിന്ന് വിവരം ശേഖരിക്കണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 17കാരൻ എങ്ങനെ ഡ്രൈവിംഗ് പഠിച്ചു എന്ന് അറിയണം. ഇത്ര വേഗത്തിൽ എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നും അറിയണം. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.
മാത്രമല്ല ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സിഐ ശ്യാം കുമാർ കെ.എസ്, എസ്എച്ച്ഒ വിശ്വജിത്ത് വി.എസ്, എഎസ്ഐ മനോജ് കെ.ടി, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലം സന്ദർശിച്ച ശേഷം എഡിജിപി പി. വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ നടപടി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.