

കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത ഒരു വയനാടൻ ഗോത്രവർഗക്കാരൻ.. അയാളെ ലോകം 'വയനാടിൻ്റെ നെല്ലച്ഛൻ' എന്ന് വിളിച്ചു. പരമ്പരാഗതമായി കൈവന്ന ഗോത്രവർഗ പിന്തുടർച്ചയിലൂടെയും... ലഭിച്ച നാട്ടറിവിൻ്റേയും കാട്ടറിൻ്റേയും ഉൾക്കരുത്തിലും പിന്നീട് ലോകപ്രശസ്തനായി മാറി. പരിസ്ഥിതി സംരക്ഷണത്തിൻ്റേയും നെൽക്കൃഷിയുടേയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി മാറി. ഇക്കാലത്തിനിടയിൽ നൂറുമേനി വിളവ് തരുന്ന പ്രതിരോധ ശേഷി ഏറെയുള്ള, പരമ്പരാഗതമായ 45 നെൽവിത്തിനങ്ങളാണ് ചെറുവയൽ രാമൻ കലർപ്പ് വരാതെ സൂക്ഷിച്ച് കൃഷി ചെയ്തത്.
പരമ്പരാഗത നെൽവിത്തുകൾ അതിൻ്റെ തനിമ പോകാതെ കാത്തുസൂക്ഷിക്കുകയും, മറ്റുള്ളവർക്ക് സൗജന്യമായി കൃഷി ചെയ്യാൻ കൊടുക്കുകയും ചെയ്ത, കാർഷികരംഗത്തെ മഹത്തായ നിശബ്ദ സേവനമായിരുന്നു രാമൻ ഇക്കാലമത്രയും തുടർന്ന് വന്നത്. ലോകമാകെ പടരുന്ന അന്തകവിത്തുകൾക്ക് ഇടയിലും.. ചാണകവും ചപ്പുംചവറും നൽകി, നാട്ടുവിത്തുകൾ കാത്തുപോരുന്ന രാമൻ നെൽകൃഷിയുടെ സംരക്ഷകനും പ്രചാരകനുമെന്ന നിലയിൽ ലോക പ്രശസ്തിയിലേക്കുയർന്നു. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ നിരവധി പരമ്പരാഗതമായ വിത്തുകളുടെ സംരക്ഷകനാണ് രാമൻ.
കുറിച്യ സമുദായത്തിൽപ്പെട്ട രാമൻ, പത്താംവയസിൽ തന്നെ പാടത്തേക്കിറങ്ങി നെൽകൃഷിയിൽ വ്യാപൃതനായിരുന്നു. അമൂല്യ വിത്തിനങ്ങളുടെ ഈ കാവൽക്കാരനെ തേടി അദ്ദേഹത്തിൻ്റെ കുടിയിലേക്ക് ശാസ്ത്രജ്ഞർ, സന്നദ്ധപ്രവർത്തകർ, കർഷക സംഘടനാ നേതാക്കൾ, കൃഷിക്കാർ തുടങ്ങി ഒട്ടേറെ പേർ വന്നുകൊണ്ടിരുന്നു.ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പൻ്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിന് തടസമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കാനായി.
രാമൻ്റെ പ്രവർത്തനങ്ങൾ അവർ പഠിക്കുകയും മാതൃകയാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നെല്ലും വിത്തും വിതയും കൊയ്ത്തും സംബന്ധിച്ച കാര്യങ്ങൾ ലോകം കൗതുകത്തോടെ കേട്ടുനിന്നു. പൈതൃകവിത്തുകളുടെ സംരക്ഷകനായാണു രാമനെ എല്ലാവരും കാണുന്നത്. നെൽകൃഷി ലാഭകരമല്ലെന്ന് പറയുന്നവർ യഥാർത്ഥ കൃഷിക്കാരല്ലെന്ന് രാമൻ പറയുന്നു. കൃഷി നശിച്ചാലും വിളവ് കുറഞ്ഞാലും കുടുംബം ബുദ്ധിമുട്ടുമെന്ന അവസ്ഥയിൽ ഉള്ളവർക്കേ കൃഷിയുടെ മഹത്വം ശരിക്കുമറിയൂ. തനിക്ക് ഇതുവരെ നെല്ല് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം എപ്പോഴും പറയുമായിരുന്നു.