
മാവോയിസ്റ്റ് നേതാവ് നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജയില്‍ ഡിജിപി വഴി മുഖ്യമന്ത്രിയുടെ സന്ദേശം ലഭിച്ചതോടെയാണ് നിരാഹാരം പിന്‍വലിക്കാന്‍ രൂപേഷ് തീരുമാനിച്ചത്
ചൊവ്വാഴ്ചയ്ക്കുള്ളില്‍ പുസ്തക പ്രസിദ്ധീകരണത്തിന് അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സന്ദേശം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രൂപേഷിനെ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
രൂപേഷിനെ കാണാനോ നിയമസഹായം നല്‍കാനോ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെയാണ് തീരുമാനം. രൂപേഷിന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് സൂപ്രണ്ട് രേഖാമൂലം അറിയിച്ചതായും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു. തടവുകാരന് നിയമസഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ നടപടി ജയില്‍ നിയമങ്ങളുടെ ലംഘനമാണെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തടസങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നതായും രൂപേഷിന്റെ കുടുംബം പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ രൂപേഷിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും രോഗിയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്നും കുടുംബം പരാതി ഉന്നയിച്ചു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു, എന്നാല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ജയില്‍ വകുപ്പ് അനുമതി നിഷേധിക്കുക ആണ്. പിന്നാലെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചെങ്കിലും വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നത് പോലും ജയില്‍ അധികൃതര്‍ തടയുകയാണന്നും കുടുംബം ആരോപിച്ചു.
'ബന്ധിതരുടെ ഓര്‍മ്മ കുറിപ്പുകള്‍' എന്ന പേരില്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതോടെ രൂപേഷ് നിരാഹാരം ആരംഭിച്ചത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ മാസം 22 ന് നിരാഹാരം ആരംഭിച്ച രൂപേഷിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് 27ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശരീരത്തില്‍ സോഡിയം കുറയുകയും തുടര്‍ന്നുള്ള പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയുമായിരുന്നു.