"മുണ്ടക്കൈയും ചൂരൽമലയും കേരള മാതൃകയുടെ മഹത്തായ പ്രതീകം, ഓർമകൾ എക്കാലവും ഒരു നോവായി തുടരും"

സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു
pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻSource: Facebook/ pinarayi vijayan
Published on

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈയും ചൂരൽമലയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു. ആ ദുരന്തത്തിൻ്റെ ഓർമകൾ എക്കാലവും ഒരു നോവായി തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു.

ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ എല്ലാ മനുഷ്യരേയും ചേർത്തുപിടിച്ച സർക്കാർ ഒട്ടും സമയം നഷ്ടപ്പെടാതെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിൽ മാനസിക പിന്തുണ ഉറപ്പു വരുത്താനുൾപ്പെടെയുള്ള എല്ലാ അവശ്യ സൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളിൽ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ പ്രത്യേക നടപടികൾ കൈക്കൊണ്ടു. അദ്ധ്യാപകരുടെ സഹായത്തോടെ ക്യാമ്പുകളിൽ തന്നെ അവർക്ക് തുടർ പഠനത്തിനുള്ള വഴിയൊരുക്കി.

പഴുതുകൾ അടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഓരോ കാര്യത്തിലും സർക്കാരിൻ്റെ നിതാന്ത ശ്രദ്ധ ഉറപ്പാക്കി. ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്ക്കാലിക പുനരധിവാസം പൂർത്തീകരിക്കും എന്ന പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ച സർക്കാർ ഓഗസ്റ്റ് 24നകം ദുരുതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും മറ്റു പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി.

pinarayi Vijayan
സമാനതകളില്ലാത്ത ദുരന്തത്തിൻ്റെ മുന്നിൽ കേരളം വിറങ്ങലിച്ച് നിന്നില്ല; ഈ നാട്ടിലെ ജനങ്ങളാണ് സർക്കാരിൻ്റെ ഏറ്റവും വലിയ സൈന്യം: മന്ത്രി കെ. രാജൻ

വാടക വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, അവരവരുടെ താല്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി മാസം 6000 രൂപ വീതം ഈ ജൂലൈ മാസം വരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി വരികയാണ്. പുനരധിവാസം സ്ഥിരമാകുന്നതു വരെ ഈ സഹായം തുടരും.

വീട്ടുവാടകയിനത്തിൽ 2025 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 3,98,10,200 രൂപ ചെലവഴിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് എസ് ഡി ആർ എഫിൽ നിന്നും അനുവദിച്ച തുകയ്ക്ക് പുറമെ 50,000 വീതവും 40 മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും 60 മുതൽ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതവും അനുവദിച്ചു.

ദുരന്തബാധിതരുടെ തുടർ ചികിത്സയുടെ ചെലവും സർക്കാർ വഹിക്കുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസിലിംഗ് സംവിധാനവും ഒരുക്കി. വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയും കണ്ട് കൗൺസിലിംഗ് സേവനങ്ങൾ ആവശ്യമെങ്കിൽ നൽകാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9000 രൂപ 6 മാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒൻപത് മാസത്തേക്കായി ദീർഘിപ്പിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്ക് ഉറപ്പാക്കി.

pinarayi Vijayan
ചൂരല്‍മല ദുരന്തം: ഒരു വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസത്തിന് അന്തിമ പട്ടിക തയ്യാറാക്കാനായില്ല; ഭരണ പരാജയമെന്ന് ആരോപണം

നഷ്ടപ്പെട്ട റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെയുള്ള മുഴുവൻ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങൾ ആദ്യദിനങ്ങളിൽ തന്നെ നൽകാൻ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. ദുരന്തത്തിൽ പെട്ടുപോയ വെള്ളാർമല സ്കൂളിലേയും മുണ്ടക്കൈ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആവശ്യമായ നടപടികൾ വളരെ വേഗം തന്നെ സ്വീകരിക്കാൻ സാധിച്ചു. ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബായ്)യുടെ സിഎസ്ആർ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ നേതൃത്വം നൽകി രണ്ട് കോടി ഉപയോഗിച്ച് മേപ്പാടി സ്കൂളിൽ സൗകര്യങ്ങൾ സജ്ജമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടിൽ നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

മാതാപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി വനിതാ ശിശു വികസന വകുപ്പ് യൂണിസെഫിന്റെ സഹായത്തോടെ മാതാപിതാക്കൾ രണ്ടുപേർ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 17 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 വയസു മുതൽ 21 വയസുവരെ പ്രതിമാസം 4000 രൂപ വീതം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തി. വിവിധ സിഎസ്ആർ ഫണ്ടുകളിലൂടെ മൂന്ന് ലക്ഷം രൂപ 24 കുട്ടികൾക്കും വിതരണം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.

ഇപ്പോൾ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിൻ്റെ നിർമ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മാതൃകാ ടൗൺഷിപ്പ് സജ്ജമാവുന്നത്. ടൗൺഷിപ്പ് പദ്ധതിയിൽ 410 റെസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, സൈറ്റ് വികസനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2025 മെയ് 29 ന് പ്രീപ്രോജക്റ്റ് ചെലവായി കണക്കാക്കിയിട്ടുള്ള 40,03,778 രൂപ കരാർ കമ്പനിയായ ഉരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റിക്ക് അനുവദിക്കാൻ ഉത്തരവായി.

2025 ജൂൺ 19, 20 തിയതികളിലായ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് വിതരണം ചെയ്തത്. പുനരധിവാസ പട്ടികയിൽ ആകെയുള്ള 402 ഗുണഭോക്താക്കളിൽ നിന്ന് 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചിരുന്നത്.

ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച് 2025 ജൂൺ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇതിൽ ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തിൽ നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്.

കൂടാതെ, എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും ടൗൺഷിപ്പ് പ്രോജക്ടിന് 20,00,00,000 രൂപയും ടൗൺഷിപ്പ് പ്രീ പ്രൊജക്ട് ചെലവുകൾ 40,03,778 രൂപയും ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ 13,91,00,000 രൂപയും ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചെലവാക്കിയിട്ടുണ്ട്.

ഉപജീവനസഹായം, വാടക, ചികിൽസാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com