കെനിയയിലെ വാഹനാപകടത്തിൽ ആവശ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി എസ്. ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ പൂർണ സഹകരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
കെനിയയിൽ നടന്ന റോഡപകടത്തിൽ, മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ കത്ത് എഴുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഖത്തറിൽ നിന്ന് കെനിയയിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളികളടക്കം 6 പേർ കൊല്ലപ്പെട്ടത്. നെയ്‌റോബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിനകം തന്നെ പ്രതികരിച്ചുവെന്നും, അപകടത്തിന് ഇരയായവർക്ക് അടിയന്തര സഹായം നൽകിയതിന് എൻ്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ കുറിച്ചു.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന (29 ), ഒന്നര മാസം പ്രായമായ മകൾ റൂഹി മെഹറിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായം ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ,ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.