തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശ്രീചിത്രാഹോമിൽ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീചിത്രാഹോം സൂപ്രണ്ട് ബിന്ദു വി. പലതരം ട്രോമകൾ ഉള്ള കുട്ടികൾ ആണെന്നും മൂവർക്കും കൗൺസിലിങ് കൊടുത്തിരുന്നുവെന്നും ബിന്ദു പറഞ്ഞു. വീട്ടിൽ പോകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടു. വീട്ടിൽ വിടാൻ സാഹചര്യം ഇല്ലാത്ത കുട്ടികളെന്ന് ബാലാവകാശ കമ്മീഷൻ മറുപടി നൽകിയെന്നും സൂപ്രണ്ട് പ്രതികരിച്ചു.
രണ്ട് പാരസെറ്റമോൾ ഗുളികകളും വിറ്റാമിൻ ഗുളികകളുമാണ് കഴിച്ചത്. ഒന്നിൽ കൂടുതൽ കഴിച്ചതുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെ റാഗിങ് ഇല്ല. വീട്ടിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന തരം സംഭവങ്ങളെ ഉള്ളു. താനും അമ്മയാണ്. വിഷയത്തെ നിസാരവൽക്കരിച്ചിട്ടില്ല. ഗൗരവം മനസിലാക്കിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഗുളിക കഴിക്കുമ്പോൾ വീട്ടിൽ കൊണ്ടുപോകും എന്ന് കരുതിയാണ് കുട്ടികൾ ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു.
കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. സുനന്ദ ശ്രീചിത്രാ ഹോമിൽ എത്തി വിവരങ്ങൾ തേടി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും കുട്ടികളെ ഇന്ന് ആശുപത്രിയിൽ എത്തി കാണുമെന്നും അഡ്വ. സുനന്ദ പ്രതികരിച്ചു. കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിയ ആളിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അഡ്വ. സുനന്ദ അറിയിച്ചു.
12, 15, 16 വയസ്സുള്ള പെൺകുട്ടികളാണ് അമിതമായ അളവിൽ ഗുളിക വിഴുങ്ങിയത്. ഒരാളെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലും, മറ്റു രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതേസമയം, തങ്ങൾ ജീവനൊടുക്കാൻ ശ്രമിച്ചത് മുതിർന്ന കുട്ടികളുടെ പീഡനം സഹിക്ക വയ്യാതെ ആണെന്ന് ഈ പെൺകുട്ടികൾ പരാതി നൽകി. പല തവണ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കുട്ടികൾ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)