തിരുവനന്തപുരം: യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾ പറന്നിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമങ്ങാട് വികസനോത്സവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയ ആരോപണങ്ങൾക്ക് വിശ്വാസ്യത പകരാൻ യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളെ കൊണ്ടുവരുന്നു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ എൽഡിഎഫിനെ ലക്ഷ്യമിട്ട് പ്രചരണം കൊഴുപ്പിക്കുന്നു. അതോടെ എൽഡിഎഫ് തീരുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞു. 2016 ന് മുൻപ് കേരളത്തിൻറെ ആരോഗ്യരംഗം തകർച്ചയുടെ വക്കിൽ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തകരാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല. എൻ്റെ നാട് ഇങ്ങനെയാണ് എന്ന് ജനങ്ങൾ ചിന്തിച്ചിരുന്നു. ആ വിഷയങ്ങൾ എല്ലാം മുൻപിൽ വച്ചാണ് എൽഡിഎഫ് പ്രകടനപത്രിക അന്ന് ജനങ്ങൾക്ക് മുമ്പിൽവച്ചത്. അങ്ങനെയാണ് ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. അധികാരത്തിലെത്തിയശേഷം ആ വാഗ്ദാനങ്ങൾ പാലിക്കാനായി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കി. ആരോഗ്യരംഗത്തെ തകർച്ചയിൽ നിന്ന് കരകയറ്റി. ശിശുമരണ നിരക്കിൽ അമേരിക്കയെ കടത്തി വെട്ടാൻ കേരളത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.