തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് നല്‍കിയതിനെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചിത്രത്തിന് ദേശീയ അവാർഡ് നൽകി. വർഗീയ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കിയ സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണിതെന്നും സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി.
മതനിരപേക്ഷ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിത്. ഇത് ദൗർഭാഗ്യകരമാണ്. പരസ്പര സ്പർധ വളർത്തുന്നതിനായാണിത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അവാർഡ് നേടിയ മലയാളി താരങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി കേരളത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും വ്യക്തമാക്കി. കോൺക്ലേവിൽ ഇതും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങൾ പുരാണങ്ങൾ സിനിമയാക്കിയപ്പോൾ മലയാളം വേറിട്ട് നിന്നു. മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങള്‍ സിനിമയാക്കി. മലയാള സിനിമ മണ്ണിൽ ഉറച്ചുനിന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവൽക്കരിക്കുന്ന സിനിമകൾ ഉണ്ടാകുന്നു എന്ന വിമർശനമുള്ളതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയലൻസ് കുത്തി നിറയ്ക്കുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിശോധിക്കണമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.