ആദ്യമായി സ്കൂളുകളിലേക്കെത്തുന്ന കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കൗതുകത്തിൻ്റെയും ജിജ്ഞാസയുടെയും ലോകം കുരുന്നുകൾക്ക് ഉണ്ടാക്കി കൊടുക്കാൻ എല്ലാ സ്കൂളുകളിലും കൂട്ടായ ശ്രമം ഉണ്ടാകേണ്ടതുണ്ട്. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ വി. ശിവൻകുട്ടി, സജി പെറിയാൻ, പി. പ്രസാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു, എന്നാൽ ഇന്ന് കുഞ്ഞുങ്ങളെ സ്വാഗതം കൊണ്ട് പ്രകൃതി നൽകിയത് നല്ല അന്തരീക്ഷമാണ്. എന്താണ് അറിവ് എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണ്. വിവേകത്തിന്റെയും വിമർശനാത്മക ചിന്തകളുടെയും സ്ഫുരണങ്ങൾ ജനിപ്പിക്കുന്നതാവണം അറിവ്. ജീവിതം കെട്ടിപ്പടുക്കാനുള്ളതാണ് വിദ്യാഭ്യാസം. കുട്ടികളുടെ ചിന്താശേഷി വർധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിലൂടെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ സാഹചര്യത്തിൽ മതനിരപേക്ഷ ചിന്ത ശക്തിപ്പെടുത്താൻ ആവണം. ജനാധിപത്യ ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കണം. വിദ്യാഭ്യാസം അതിനെല്ലാം കൂടി വേണ്ടിയുള്ളതാണ്. അറിവിനൊപ്പം തിരിച്ചറിവും പ്രധാനമാണ്. അറിവുണ്ടായിട്ടും തിരിച്ചറിവുണ്ടായില്ലെങ്കിൽ അത് വലിയ ദോഷകരമായി മാറും. ഔചിത്യ ബോധം, വിവേകം, വിവേകം എന്നിവ വളർത്തിയെടുക്കണം. കാര്യകാരണബന്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ സമീപിക്കണം. അറിവ് അവനവനിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. അറിവിനെ ജീവിതവുമായും സമൂഹവുമായും ബന്ധിപ്പിക്കുക. ഉന്നതമായ അക്കാദമിക നിലവാരം ലക്ഷ്യം വെച്ചുകൊണ്ടാണ് നാം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം പകർച്ചവ്യാധികളുടെ കൂടി കാലമായി മാറുമെന്നും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ നല്ലത് മാത്രമല്ല, നല്ലതല്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവയെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും കുട്ടികൾക്ക് നൽകണം. വ്യക്തി ശുചിത്വത്തിന് ഒപ്പം പരിസര ശുചിത്വവും പ്രധാനമാണ്. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല, നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണം. സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. അഞ്ച് ലക്ഷം വിദ്യാർഥികൾ 2016 പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016ൽ ആരംഭിച്ചു. അതിൻ്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂൾ. 5000 കോടി രൂപ അതിനായി ചെലവഴിച്ചു. സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂൾ എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചു. കുട്ടികളുടെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. അതിൻ്റെ ഭാഗമായി കെട്ടിടങ്ങളുടെയും മറ്റ് കാര്യങ്ങളുടെയും പരിശോധനകൾ ഗൗരവമായി നടന്നു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നിരവധി മാറ്റങ്ങളാണ് നാം വിഭാവനം ചെയ്തത്. ഓരോ സ്കൂളുകളിലും അക്കാദമിക് ആസൂത്രണം നടക്കണം. സ്കൂൾ സംവിധാനങ്ങളെ ആകെ ഒരു കുടക്കീഴിൽ ഘടനാപരമായി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നിരവധി മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഓരോ സ്കൂളിലും അക്കാഡമിക് ആസൂത്രണം നടക്കണം. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പാഠപുസ്തകങ്ങൾ 1 മുതൽ 10 വരെ മാറി. 15ന് ഉള്ളിൽ എല്ലാ സ്കൂളിലും അക്കാഡമിക് മാസ്റ്റർ പ്ലാൻ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.