കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടിയ നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിത്വമായിരുന്നു ജമീലയുടേതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്.
യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
കാനത്തിൽ ജമീലയുടെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുശോചനം രേഖപ്പെടുത്തി. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു ജമീലയുടേതെന്ന് എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
എം.വി. ഗോവിന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു. അർബുദ ചികിത്സയ്ക്ക് ശേഷം സഖാവിനെ വീട്ടിൽ പോയി കണ്ടിരുന്നു. അപ്പോൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു അവർ. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു. ചില പൊതുപരിപാടികളിൽ പങ്കെടുക്കുവാനും സഖാവിന് സാധിച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ച അപാരമായ അനുഭവസമ്പത്ത് സഖാവിന് എന്നും മുതൽക്കൂട്ടായിരുന്നു. പിന്നീട് നിയമസഭയിൽ എത്തിയപ്പോഴും കേരളത്തിലെ ഏറ്റവും മികച്ച ജനപ്രതിനിധികളിൽ ഒരാളായി മികവാർന്ന പ്രവർത്തനത്തനമാണ് അവർ നടത്തിയത്. പ്രിയ സഖാവിൻ്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബത്തിന്റെയും അവരെ സ്നേഹിക്കുന്ന ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.