

തിരുവനന്തപുരം: പിഎം ശ്രീയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യന്ത്രി പിണറായി വിജയന്‍. ഏത് കോണ്‍ഗ്രസ് സര്‍ക്കാരാണ് പിഎംശ്രീയില്‍ ഒപ്പുവയ്ക്കാത്തത് എന്നും അപ്പോള്‍ അവര്‍ക്കാകാം എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പിഎം ശ്രീയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കേരളം എന്തോ തെറ്റു ചെയ്തു എന്ന മട്ടിലാണ്. ഏത് കോണ്‍ഗ്രസ് സര്‍ക്കാരാണ് പിഎം ശ്രീയില്‍ ഒപ്പിടാതെയുള്ളത്? കേന്ദ്ര സര്‍ക്കാര്‍ പിഎംശ്രീ പദ്ധതി ആരംഭിക്കുന്നത് 2022ലാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി കൊണ്ടു വന്ന സമയത്ത് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ പിഎംശ്രീയില്‍ ഒപ്പിട്ടത് 2022 ഒക്ടോബര്‍ 27നാണ്. അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്. ഛത്തീസ്ഗഡ് പിഎംശ്രീയില്‍ ഒപ്പിട്ടത് 2023 ജനുവരി 10നാണ്. അന്ന് സംസ്ഥാനം ഭരിക്കുന്നതും കോണ്‍ഗ്രസ് ആണ്. 2023ല്‍ ഹിമാചല്‍ പ്രദേശില്‍ പദ്ധതി നടപ്പാക്കുമ്പോഴും കോണ്‍ഗ്രസ് ആണ്. കര്‍ണാട പിഎം ശ്രീയില്‍ ഒപ്പിട്ടത് 2022 ഒക്ടബോര്‍ 27നാണ്. അന്ന് ഭരണത്തില്‍ ബിജെപിയാണ്. പക്ഷെ 2023 മെയ് മുതല്‍ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതി കര്‍ണാടകയില്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് കോണ്‍ഗ്രസ് ഭരണത്തിലാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പിഎം ശ്രീ പദ്ധതി പുതുക്കിയതും കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ. പഞ്ചാബ് സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതുപോലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും പിന്മാറാമായിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. തെലങ്കാനയില്‍ 2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം ഡിസംബറില്‍ തന്നെ പദ്ധതിയില്‍ ഒപ്പിട്ടു. ഞങ്ങള്‍ക്ക് ആകാം എന്ന നിലപാട് ആണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.