തൃശൂർ: സാംസ്കാരിക തലസ്ഥാനത്തെ മലയോര ഗ്രാമമായ പുത്തൂരിന് ഇന്ന് ചരിത്ര ദിനം. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കുകളിൽ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത് .
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് കേവലം ഒരു സുവോളജിക്കൽ പാർക്കോ മൃഗശാലയോ അല്ല, മറിച്ച് രാജ്യത്തിനും കേരളത്തിനും അഭിമാനമായ ഒരു പ്രകൃതി വിസ്മയം തന്നെയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് എന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാല എന്നതും തൃശ്ശൂർ സുവോളജിക്കൽ പാർക്കിന്റെ പ്രത്യേകതയാണ്.
മുളംകാടുകളും മരങ്ങളും അരുവികളും തോടുകളും പച്ചപ്പണിഞ്ഞ കുന്നിൻ ചെരുവുമാണ് 338 ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്വപ്നഭൂമി. പ്രകൃതി ഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെയുള്ള നിർമ്മാണം. ഓസ്ട്രേലിയൻ സൂ ഡിസൈനർ ജോൺ കോ ആണ് സുവോളജിക്കൽ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലോചിതമായ മാറ്റങ്ങളും സുവോളജിക്കൽ പാർക്കിൽ പ്രതീക്ഷിക്കാം.
2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് തുടങ്ങി രണ്ടാം പിണറായി സർക്കാർ വരെ എത്തിനിൽക്കുന്നു പാർക്കിന്റെ നിർമ്മാണ കാലഘട്ടം. ജനപ്രതിനിധികളും മന്ത്രിമാരുമായിരുന്നവർ പാർക്കിൻ്റെ നിർമ്മാണത്തിനായി പലവിധത്തിൽ ഇടപെട്ടു. റവന്യൂ മന്ത്രി കെ രാജന്റെ ഇടപെടലുകളും പുത്തൂർ സവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതിൽ നിർണായകമായി .