തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പിഎം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഐഎം സെക്രട്ടേറിയറ്റും ഇന്ന് ചേരുന്നുണ്ട്. യോഗത്തില്‍ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പങ്കെടുക്കും. സിപിഐയുടെ ആശങ്ക എം.എ. ബേബി അറിയിക്കും. ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കും. ധാരണാപത്രം റദ്ദാക്കണമെന്നമാണ് സിപിഐയുടെ ആവശ്യം. അല്ലെങ്കിൽ പാർട്ടി കടുത്ത നിലപാടിലേക്ക് പോകണമെന്ന വികാരം സിപിഐയിൽ ശക്തമാണ്.
പിഎം ശ്രീയിൽ നിർണായക നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധാരണാ പത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന കരാർ ഉണ്ട്. അങ്ങനെ തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിന് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പദ്ധതി കേരളത്തിന് വേണ്ടെന്നും, പിഎം ശ്രീ സ്കൂളുകളും വേണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. എംഒയു ഒപ്പിട്ടത് സമഗ്ര ശിക്ഷ പദ്ധതിക്കുള്ള കുടിശിക കിട്ടാൻ വേണ്ടി മാത്രമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കേരളം ഇതുവരെ തുടർന്നുവന്ന വിദ്യാഭ്യാസ നയം അടിയറ വെക്കില്ല. കെ.സുരേന്ദ്രൻ പറഞ്ഞത് കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അത് സുരേന്ദ്രന്‍റെ സ്വപ്നം മാത്രമാണെന്നും മന്ത്രി അറിയിച്ചു.