സംസ്ഥാനത്ത് തേങ്ങയ്ക്ക് ദിവസേന വില കുതിച്ചുയരുകയാണ്. വില കൂടുന്നത് കർഷകർക്ക് സന്തോഷമാണെങ്കിലും, തേങ്ങ മോഷ്ടാക്കളെ ഭയന്ന് കാവലിരിക്കേണ്ട അവസ്ഥയിലാണ് കുറ്റ്യാടിലെ കേര കർഷകർ.
ഏറ്റവും കൂടുതൽ നാളികര ഉൽപ്പാദനം നടക്കുന്ന കോഴിക്കോട് കുറ്റ്യാടി മേഖലയിൽ തേങ്ങ മോഷണം തടയാൻ നാളികേര കർഷകർ ആക്ഷൻ കമ്മിറ്റി വരെ രൂപീകരിച്ചിരിക്കുകയാണ്. പ്രത്യേക പട്രോളിംങ് ഏർപ്പെടുത്തി കള്ളൻമാരെ പിടിക്കാൻ പൊലീസും കർഷകരുടെ സഹായത്തിനുണ്ട്.
കോഴിക്കോട്ടെ കുറ്റ്യാടി തേങ്ങ, ഗുണമേന്മയിൽ പേരു കേട്ടതിനാൽ മറ്റുള്ള നാട്ടിലേക്കാൾ ഇവിടെ വില അൽപം കൂടും. സംസ്ഥാനത്തിന് പുറമേ തമിഴ്നാട്, കർണാടക ഭാഗങ്ങളിലെ വൻകിട വെളിച്ചെണ്ണ മില്ലുകളിലും കുറ്റ്യാടി തേങ്ങക്ക് വൻ ഡിമാൻ്റാണ്.
തൊണ്ട് പൊളിച്ച ഒരു കിലോ പച്ചതേങ്ങയ്ക്ക് 80 രൂപ വരെയാണ് വില. വില കിട്ടുന്നതിൻ്റെ സന്തോഷം കർഷകർക്കുണ്ടെങ്കിലും, ഇപ്പോഴത്തെ ആശങ്ക തേങ്ങാ കള്ളൻമാരാണ്. പണ്ടൊക്കെ തോട്ടത്തിലും, വീട്ടുമുറ്റത്തുമെല്ലാം തേങ്ങ സംഭരിച്ച് വെക്കാൻ കഴിയുമായിരുന്നു.
കോഴിക്കോട് തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ ഒരു മാസത്തിനുള്ളിൽ തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് ലഭിച്ചത്. കുറ്റ്യാടി സ്റ്റേഷനിൽ രണ്ട് പരാതിയും കിട്ടി. പരാതി നൽകാത്ത കർഷകർ നിരവധിയുണ്ട്. വീട്ടുമുറ്റങ്ങളിൽ അരയ്ക്കാനായി സൂക്ഷിച്ച നാളികേരം പോലും മോഷണം പോയതായി കാവലുംപാറയിലെ നാളികേര കർഷകർ പറയുന്നു. ചെറുകിട നാളികേര കച്ചവടക്കാർ ശേഖരിച്ച് വയ്ക്കുന്ന നാളികേരവും മോഷണം പോയതായി കച്ചവടക്കാർ പറയുന്നു.
കുറ്റ്യാടി മേഖലയിലെ മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് പരിസരപ്രദേശങ്ങളിലും, കാവിലുംപാറ പഞ്ചായത്തിലെ വളയംങ്കോട്, കൂടൽ, ചീത്തപ്പാട് പ്രദേശങ്ങളിലുമാണ് വ്യാപകമായി നാളികേരം മോഷണം പോകുന്നത്. ആൾതാമസം ഇല്ലാത്ത പ്രദേശങ്ങളിൽ പകൽ സമയത്ത് പോലും നാളികേര മോഷണം വ്യാപകമാണ്.
കൂട്ടിയിട്ട തേങ്ങ മാത്രമല്ല, തെങ്ങിൽ കയറി പറിച്ച് വരെ മോഷണം നടത്തുന്നുണ്ട്. സഹികെട്ട് നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തേങ്ങ മോഷ്ടാക്കളെ പിടികൂടുന്നതിനായി തൊട്ടിൽപാലം പൊലീസ് രാത്രികാല പട്രോളിങ് സജീവമാക്കിയിട്ടുണ്ട്.