തിരുവനന്തപുരം: വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലുണ്ടായ മദ്യപസംഘത്തിൻ്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്‌ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശിയും രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ അൽ അമീനാണ് ക്രൂരമർദനമേറ്റത്. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്.
അക്രമികൾ മദ്യപിച്ചാണ് കോളേജിലെത്തിയത്. ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞപ്പോൾ കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് ഒന്നിലേറെ തവണ കണ്ണിന് ഇടിക്കുകയായിരുന്നു എന്ന് അൽ അമീൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അമീൻ്റെ കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.