തൃശൂർ: പീച്ചി സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരൻ കെ.പി. ഔസേപ്പ്. ഹോട്ടലിൽ ഉണ്ടായ തർക്കത്തിൽ തന്റെ മകനെയും സ്റ്റാഫിനെയും പ്രതിയാക്കി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചെന്നാണ് ഔസേപ്പിൻ്റെ ആരോപണം. വധശ്രമക്കേസും പോക്സോ കേസും രജിസ്റ്റർ ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം ജയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെ.പി. ഔസേപ്പ് പറഞ്ഞു.
ശനിയാഴ്ചയാണ് പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയെയും മകനെയും പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 2023 മെയ് 24ന് പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്.
ഹോട്ടലിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കാൻ പൊലീസുകാർ ഇടപെട്ട് പണം ആവശ്യപ്പെട്ടതായി ഔസേപ്പ് ആരോപിച്ചു. പിന്നാലെ പരാതി നൽകിയ പാലക്കാട് സ്വദേശി ദിനേശിന് അഞ്ച് ലക്ഷം രൂപ കൈമാറി. വീട്ടിൽ വെച്ച് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടു.
മനുഷ്യാവകാശ കമ്മീഷനിലും വിവരാവകാശ കമ്മീഷനിലും പരാതി നൽകിയാണ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാങ്ങിയത്. മർദിച്ച എസ്ഐ രതീഷിനെ പിന്നീട് പ്രമോഷൻ കൊടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. രതീഷിനെയും കുറ്റക്കാരായ മറ്റ് അഞ്ച് പൊലീസുകാരെയും അടക്കം സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യമെന്ന് കെ.പി. ഔസേപ്പ് പറഞ്ഞു. വിഷയത്തിൽ ഇനിയും നിയമ പോരാട്ടം തുടരുമെന്നും കെ.പി. ഔസേപ്പ് പറഞ്ഞു.
കുന്നംകുളം യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് മർദിച്ചതിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതികൾ പുറത്തുവരുന്നത്. സുജിത്തിനെ മർദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു.