പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയെ മൂന്ന് പേർ ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹോട്ടൽ ഉപകരണങ്ങളുടെ പണം നൽകാൻ വൈകിയതിൽ മുൻ ഹോട്ടൽ ഉടമ പ്രിൻസും കൂട്ടാളികളും മർദിച്ചെന്നാണ് പരാതി. പരാതിയിൽ അടൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 25ാം തീയതി ആയിരുന്നു സംഭവം. ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ട് മാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ലെന്ന് മർദനമേറ്റ ടോണി പറയുന്നു. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദിച്ചെന്ന് ടോണി പറയുന്നു.
പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറിൽ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.