യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന സ്ത്രീകളുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഇടതു നേതാക്കൾ. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടത് ഗതികെട്ടാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കാൻ നേതാക്കൾ നിർദേശിക്കണം. ഇനി മണ്ഡലത്തിൽ പോകാൻ പ്രയാസമായിരിക്കും. പരാതി അറിഞ്ഞിട്ടും നിയമസംവിധാനത്തെ അറിയിക്കാത്തതും കുറ്റകൃത്യമാണെന്നും ശിവൻ കുട്ടി പറഞ്ഞു.
അടിയൊന്നും ആയിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ. പിടിച്ചതിനേക്കാൾ വലുത് മടയിൽ കിടക്കുകയാണെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പരിഹാസം. സംഭവിച്ചത് അപമാനകരം. ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തത്. ഇത്തരക്കാരെ എങ്ങനെ സ്ത്രീകൾ വിശ്വസിക്കും. ചെയ്ത സത്യപ്രതിജ്ഞയോട് നീതിപുലർത്തുന്നെങ്കിൽ രാജിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം രാജിവച്ചാൽ പോരാ, എംഎൽഎ സ്ഥാനവും രാജിവെക്കണംമെന്നായിരുന്ന ഇ.പി. ജയരാജന്റെ പ്രതികരണം. സ്ത്രീകളോട് പരസ്യമായി മാപ്പ് പറയണം. രാഹുൽ രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യൻ. സംശുദ്ധ രാഷ്ട്രീയത്തെ പരിഹസിച്ചു. നടപടി ഉണ്ടാകാത്തത് കോൺഗ്രസിൽ ആയതുകൊണ്ടെന്നും ജയരാജൻ ആരോപിച്ചു.
പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് സിപിഐഎം നേതാവ് സി.എസ് സുജാത പ്രതികരിച്ചു. സാംസ്കാരിക കേരളത്തിന് അപമാനം .എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനോ എന്ന് എല്ലാവരും ചർച്ച ചെയ്യണം.പരാതികൾ നേരത്തെ വന്നതാണ് കൃത്യമായ അന്വേഷണം നേരത്തെ നടത്തണമായിരുന്നു എന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ്- കോൺഗ്രസ് നേതാക്കളടക്കം നിരവധിപ്പേർ രാഹുലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വെളിപ്പെടുത്തലുകൾ ഗുരുതര സ്വഭാവമുള്ളതെന്നും , നടപടി ആവശ്യമെന്നും നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വരെ രാഹുലിനെ കയ്യൊഴിഞ്ഞു. രാഹുലിനെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിൽ പൊതുസമൂഹത്തിന് വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് കെകെ ശൈലജ പറഞ്ഞു. രാഷ്ട്രീയ മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചപ്പോൾ വി. ഡി. സതീശൻ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് വികെ സനോജ് പറഞ്ഞു. രാഹുലിനെ സൈക്കോ എന്നാണ് ഇ. എൻ. സുരേഷ് ബാബു വിശേഷിപ്പിച്ചത്.