സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി

ജില്ലാ കളക്‌ടറെ നേരിൽ കണ്ട് വിഷയത്തിൽ പരാതി അറിയിച്ച പുലികളി സംഘങ്ങൾ, പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്...
സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി
Source: Files
Published on
Updated on

തൃശൂർ: പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ വാഗ്ദാനം പാഴായെന്ന് പരാതി. വിവിധ സംഘങ്ങൾക്ക് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ജില്ലാ കളക്‌ടറെ നേരിൽ കണ്ട് വിഷയത്തിൽ പരാതി അറിയിച്ച പുലികളി സംഘങ്ങൾ, പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണം നാളുകളിൽ തൃശൂരുകാരുടെ ഏറ്റവും പ്രധാന ആഘോഷമാണ് പുലികളി. എന്നാൽ കുറേ വർഷങ്ങളായി തൃശൂരിലെ പുലികളി സംഘങ്ങൾ നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. ഈ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ കേന്ദ്ര സർക്കാർ സഹായം ഉറപ്പാക്കുമെന്നായിരുന്നു തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നൽകിയിരുന്ന ഉറപ്പ്. എന്നാൽ അത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുലികളി സംഘങ്ങൾ പ്രതിഷേധവുമായെത്തുന്നത്.

സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ വിതരണം ചെയ്തത് മലിനജലം; പരിശോധനയിൽ വെള്ളത്തിൽ അണുക്കളെ കണ്ടെത്തി

കഴിഞ്ഞ ഓണക്കാലത്ത് ഓരോ സംഘങ്ങൾക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നൽകുമെന്നാണ് കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തത്. തുക ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതനുസരിച്ച് പല സംഘങ്ങളും രേഖകൾ കൈമാറിയിരുന്നെങ്കിലും പണം മാത്രം ലഭിച്ചില്ലെന്നാണ് സംഘങ്ങൾ പറയുന്നത്.

സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കാര്യത്തിൽ തുടർ നടപടികളില്ലാതായതോടെ പുലികളി സംഘം ഭാരവാഹികൾ കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ കളക്ടറെ നേരിൽ കാണുകയും പരാതി അറിയിക്കുകയും ചെയ്തു. പ്രശ്നങ്ങൾക്ക് പരിഹാരമില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പുലികളി സംഘങ്ങളുടെ തീരുമാനം.

News Malayalam 24x7
newsmalayalam.com