

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ വിതരണം ചെയ്യാനെത്തിച്ചത് ഗുണനിലവാരം ഇല്ലാത്ത കുടിവെള്ളമെന്ന് കണ്ടെത്തൽ. പരിശോധനയിൽ വെള്ളത്തിൽ അണുക്കളെ കണ്ടെത്തി. വിനോദ സഞ്ചാര വികസന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഗുരുതര പിഴവുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വെള്ളത്തിൽ രൂക്ഷഗന്ധം ഉണ്ടെന്ന് പരാതിപ്പെട്ടു. തുടർന്നാണ് ഭോപ്പാലിലെ സ്റ്റേറ്റ് റിസർച്ച് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചത്.
റിപ്പോർട്ടിൽ അനുവദനീയമായ പരിധിയേക്കാൾ ഏഴ് മടങ്ങ് കൂടുതൽ മാലിന്യങ്ങൾ കലർന്നതായി കണ്ടെത്തി. ഇതോടെ പരിപാടിയുടെ ചുമതലക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇൻഡോറിലെ മലിനജല ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന കർശനമാക്കിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പോലും മലിനമായ വെള്ളം എത്തിയതിൽ സംസ്ഥാനത്തെ ജലവിതരണ വകുപ്പിനേയും സുരക്ഷാ വിഭാഗത്തേയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
വിവിഐപി പ്രോഗ്രാമിനായി ഒരുക്കിയ വെള്ളം നിലവാരമില്ലാത്തതായി കണ്ടെത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിലെ ആദ്യത്തെ പ്രധാന പിഴവ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ജലവിതരണമായിരുന്നു. രണ്ടാമത്തെ പിഴവ് വിവിഐപി പ്രോട്ടോക്കോളിലാണെന്നും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 30 ന് ഷാജാപൂർ ജില്ലയിലെ സെംലിയ ആശ്രമത്തിൽ നടന്ന പരിപാടിയിൽ ഉപയോഗിക്കുന്നതിനായി ജില്ലാ ഭരണകൂടം കുടിവെള്ളവും ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നു. എന്നാൽ അവയുടെ ഗുണനിലവാരം സംബന്ധിച്ച് സംശയം ഉയർന്നതാണ് പരിശോധന നടത്താൻ കാരണം. സിഎം ഓഫീസിലെ മെഡിക്കൽ ഓഫീസർ ഭോപ്പാലിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർ വഴി ഭക്ഷണ സാധനങ്ങളും വെള്ളവും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.