തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. ഒപി ഡോക്ടറെ കാണിക്കുന്നതിനിടെയാണ് സംഭവം. നടുവേദനയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദീന് ഒപ്പം എത്തിയ ബന്ധു നൗഫിയ നൗഷാദ് (21) നാണ് കയ്യിൽ പരിക്കേറ്റത്.
ഫസിലുദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെ ഇന്ന് രാവിലെ ആണ് സംഭവം. നൗഫിയയുടെ ഇടതു കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. എക്സ്റേ എടുത്ത് നടത്തിയ പരിശോധനയിൽ കയ്യിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിലും നൗഫിയയുടെ കയ്യിൽ വേദന ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.