
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ ഇനി എന്ത് നടപടി എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ആശയക്കുഴപ്പം. നിരവധി സ്ത്രീകളാണ് ഇതിനകം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടി റിനി ആന്‍ ജോര്‍ജിന്റെ ആരോപണത്തിനു പിന്നാലെ, എഴുത്തുകാരി ഹണി ഭാസ്‌കരന്റെ ഫേസ്ബുക്ക് പോസ്റ്റും, പിന്നാലെ മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ തെളിവുകളുമെല്ലാം പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
എന്നാല്‍, നിരവധി സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം സിപിഐഎം അടക്കമുള്ള പാര്‍ട്ടികളും കോണ്‍ഗ്രസിനുള്ളില്‍ നിന്നു പോലും ആവശ്യങ്ങളുയര്‍ന്നിരുന്നു. പക്ഷെ, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമാണുള്ളതെന്ന് നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.
എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചനയില്‍ പോലുമെല്ലെന്നാണ് ഇത്രയധികം ആരോപണങ്ങള്‍ വന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ഇത്രദിവസം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന ഷാഫി പറമ്പിലിന്റെ ഇന്നത്തെ പ്രതികരണവും രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു. നിയമപരമായി പരാതി ഉയര്‍ന്നുവരുന്നതിന് മുന്‍പ് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചു. രാഹുലിനെ പിന്തുണച്ചും സര്‍ക്കാരിനെ ആക്രമിച്ചും സംസാരിച്ച ഷാഫി പറമ്പില്‍ സിപിഐഎമ്മിന് രാജി ആവശ്യപ്പെടാനുള്ള ധാര്‍മികതയില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെതിരെയാണ് ആക്രമണം നടത്തിയത്.
പീഡന കേസില്‍ ഉള്‍പ്പെട്ട ഒരു എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഐഎം എങ്ങനെയാണ് രാഹുലിന്റെ രാജി ആവശ്യപ്പെടുക. പോക്‌സോ കേസില്‍പ്പെട്ട നേതാവിനെ സംരക്ഷിക്കുന്ന ബിജെപി എങ്ങയൊണ് രാജി ആവശ്യപ്പെടുക എന്നൊക്കെയായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷാഫി പറമ്പില്‍ പറഞ്ഞത്. ഹണി ഭാസ്‌കരന്‍ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും ഷാഫി പറഞ്ഞിരുന്നു.
എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു പരാതി പോലുമില്ലാതെ രാഹുലിന്റെ സംഘടനാ സ്ഥാനം രാജിവെപ്പിച്ചു. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് വേണ്ടത് തീരുമാനിക്കും. രാഹുലിന്റെ രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യം സാങ്കേതികം മാത്രമാണെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്.
രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ നടപടിയെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കിയിട്ടില്ലെന്ന് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. രാഹുല്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഒഴിഞ്ഞത്. കെപിസിസി പ്രസിഡന്റിനോട് ഇന്നും സംസാരിച്ചിരുന്നു. ഒരു പരാതിയും ഔദ്യോഗികമായും വ്യക്തിപരമായും രാഹുലിനെതിരെ ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടില്ലെന്നും എംഎല്‍എ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടതില്ലെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചത്.
ഇതിനെല്ലാം പുറമെ, രാഹുലിനെ രാജിവെപ്പിക്കാനും കെപിസിസി നേതൃത്വത്തിനുള്ളില്‍ സമ്മര്‍ദം ശക്തമാകുന്നുണ്ട്. നിയമസഭാ സമ്മേളനത്തിനു മുമ്പ് രാഹുല്‍ രാജിവെക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കീഴ് വഴക്കം നോക്കേണ്ടെന്നും ആവശ്യമുയരുന്നുണ്ട്.
ഇങ്ങനെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വിഷയത്തില്‍ ആകെ ആശയക്കുഴപ്പമാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കണമെന്ന് ഒരു വിഭാഗത്തില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുമ്പോഴും രാഹുലിന് അനുകൂലമായിട്ടാണ് ഷാഫി അടക്കമുള്ള നേതാക്കളുടെ നിലപാട്. ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണാം.