പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനായി വടകര എംപി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ പാടില്ലെന്ന് യോഗത്തില്‍ ചർച്ചയായി. എംഎല്‍എയെ ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല. മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാകുമെന്ന് യോഗം വിലയിരുത്തി.
രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകൾ സജീവമാകുന്നതിനിടെയാണ് പാലക്കാട്ടെ എ ഗ്രൂപ്പ് യോഗം. കോണ്‍ഗ്രസിനുള്ളില്‍ രാഹുലിനെ അനുകൂലിച്ചു പ്രതികൂലിച്ചും വിഭാഗങ്ങള്‍ സജീവമാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ , സിപിഐഎമ്മിനും ബിജെപിക്കും എതിരെ ആരോപണങ്ങള്‍ ഉയർത്തിക്കൊണ്ടു വന്ന് പാർട്ടിയെ പ്രതിരോധിക്കുന്ന സമീപനമാണ് പ്രവർത്തകരും നേതാക്കളും സ്വീകരിക്കുന്നത്. യുഡിഎഫിലെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികളും ഇതേ സമീപനമാണ് പിന്തുടരുന്നത്.
പാലക്കാട് എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയ സാധ്യതകളെ ബാധിക്കില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. തെരഞ്ഞെടുപ്പിൽ ഏത് വിഷയം ചർച്ച ചെയ്യുന്നതിലും ഭയമില്ല. സ്ത്രീ പീഡകരെ സംരക്ഷിക്കുന്നത് സിപിഐഎം ആണ്. ആരോപണ വിധേയരായ മുകേഷിനും പി.കെ. ശശിക്കും പാർട്ടി, പദവികൾ നൽകി. ഷാഫി പറമ്പിലിനെ സിപിഐഎം പ്രത്യേകം ലക്ഷ്യം വയ്ക്കുന്നുവെന്നും പി.എം.എ സലാം ആരോപിച്ചു.
അതേസമയം, രാഹുലിനെതിരായ രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ കെപിസിസിയുടെ ഗൃഹസമ്പർക്ക പരിപാടി കണ്ണൂരിൽ തുടക്കമായി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക വിവാദം ഉൾപ്പെടെ വോട്ടർമരെ നേരിൽ കണ്ട് വിശദീകരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി എടുത്തുവെന്നും കോൺഗ്രസിന്റെ നിലപാട് പാർട്ടിയുടെ മതിപ്പ് വർധിപ്പിച്ചുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.