കോഴിക്കോട്: കുറ്റ്യാടിയിൽ കാൻസർ ബാധിതയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്യുപങ്ചറിസ്റ്റ് യുവതിയെ രോഗം ഭേദമാകും എന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ തുടർന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. രോഗം കടുത്ത ഘട്ടത്തിൽ അക്യുപങ്ചറിസ്റ്റിനെ വിളിച്ച് വേദന കൊണ്ട് കരയുന്ന യുവതിയുടെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
കുറ്റ്യാടി അടുക്കത്തെ ഹാജിറ എന്ന യുവതിയാണ് കാൻസർ ഗുരുതരാവസ്ഥയിലെത്തി മരിച്ചത്. കാൻസറിന്റെ ആദ്യഘട്ടം മുതൽ കുറ്റ്യാടിയിലെ അക്യുപങ്ചർ ചികിത്സാലയത്തിലാണ് ഹാജിറ പോയിരുന്നത്. നെഞ്ചുവേദനയും നീർക്കെട്ടും വന്നതിനെ തുടർന്നാണ് ഹാജിറ ഇവിടെ പോയത്. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണ ക്രമം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ആറ് മാസം മുന്‍പാണ് ഹാജിറയ്ക്ക് കാന്‍സർ സ്ഥിരീകരിച്ചത്. രോഗവിവരം ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ വേദന സഹിക്ക വയ്യാതെ ചികിത്സകയെ ഹാജിറ വിളിച്ച് കരയുന്നുണ്ട്.
"ദൈവത്തിന് സ്തുതിയായിരിക്കട്ടെ. സാറിൻ്റെ ചികിത്സ തുടങ്ങിയതിൽ പിന്നെ വേറെ ചികിത്സയൊന്നും ഫലിക്കുന്നില്ല എന്നാണ് ഡോക്ടറെ എനിക്ക് തോന്നുന്നത്. ഇന്നലെ രാത്രി വേദന സഹിക്കാൻ പറ്റിയിട്ടില്ല. ഡോക്ടറെ വിളിച്ചിട്ട് സംസാരിക്കാൻ കഴിഞ്ഞില്ല," ഹാജിറ പറയുന്നു.
എന്നാൽ, കാൻസർ ആണെന്ന വിവരം ഹാജിറയെ അറിയിക്കാതെയാണ് അക്യുപങ്ചർ ചികിത്സക സംസാരിക്കുന്നത്. തുടർന്ന് മറ്റ് ഡോക്ടർമാരെ കണ്ടാൽ കീറിമുറിക്കും എന്ന് പറഞ്ഞു ഹാജിറയെ ഇവർ ഭയപ്പെടുത്തുന്നുമുണ്ട്.
"വലിയൊരു ടോക്സിൻ തന്നെയാണ് ആ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ളത്. നിനക്കത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ? അത് അവരുടെ അടുത്ത് എത്തി കിട്ടിയാൽ അപ്പാടെ കീറിമുറിക്കുകയേ ഉള്ളൂ. പനിച്ചിട്ടേ ആ വിഷം പുറത്തേക്ക് പോവുകയുള്ളൂ. നമുക്ക് വെയിറ്റ് ചെയ്യാം. നല്ലോണം നീര് വരും. എന്നിട്ട് അത് അതിന്റെ ഉള്ളിലൂടെ പുറത്തേക്ക് പഴുപ്പായും മറ്റും പോകും. അല്ലെങ്കിൽ പനിച്ചിട്ട് അത് ഔട്ടാക്കും. അല്ലെങ്കിൽ മെൻസസ് രൂപത്തില്‍ പുറന്തള്ളും," അക്യുപങ്ചറിസ്റ്റ് ഹാജിറയോട് പറഞ്ഞു. രോഗത്തിൻ്റെ ഗുരുതരാവസ്ഥ മറച്ച് വച്ചാണ് ഇവർ സംസാരിക്കുന്നത്.
രോഗം സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിതാ അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ നേരത്തെ കുറ്റ്യാടി പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചർ സ്ഥാപനം വ്യക്തമാക്കിയതോടെ പൊലീസ് ഗൗരവത്തോടെയുള്ള പരിശോധന നടത്താതെ അന്വേഷണം അവസാനിപ്പിച്ചു. രോഗം ഗുരുതരമായ ഘട്ടത്തിലാണ് അടുത്ത ബന്ധുക്കൾ വിവരം അറിയുന്നത് തുടർന്ന് ബംഗളൂരുവിലും കോഴിക്കോടും ചികിത്സ നടത്തിയെങ്കിലും ഹാജിറയെ രക്ഷിക്കാനായില്ല. സമൂഹത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യവും മന്ത്രിക്കും പരാതി നൽകാനും ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുവാനും ആണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും തീരുമാനം.