തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഘടകകക്ഷികളുടെ എതിർപ്പ് കരുവാക്കി സർക്കാറിനെയും സിപിഐഎമ്മിനെയും കടന്നാക്രമിച്ച് യുഡിഎഫ്. പുതിയ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചു . പദ്ധതിയിൽ നിരുപാധികം ഒപ്പിട്ടത് സർക്കാരിൻ്റെ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കൂടിയാലോചന ഇല്ലാതെ എടുത്ത തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കാനാണ് എൽഡിഎഫിലെ ഘടകകക്ഷികളുടെയും തീരുമാനം.
പിഎം ശ്രീ പദ്ധതിയിൽ ഇടതുമുന്നണിയിൽ ഉടലെടുത്ത കലാപം രാഷ്ട്രീയ ആയുധമാക്കുകയാണ് യുഡിഎഫ്. സിപിഐ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ തന്നെ പാർട്ടിയെ യുഡിഎഫ് കൺവീനർ മുന്നണിയിലേക്ക് ക്ഷണിച്ചു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു.
സിപിഐഎമ്മിന് സിപിഐയേക്കാൾ വലുതാണ് ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി ബിനോയ് വിശ്വം പ്രതികരിച്ചു. പിണറായി വിജയനും സിപിഐഎമ്മിനും സിപിഐയെക്കാൾ വലുതാണ് ബിജെപി. ബിജെപിയുമായുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പറഞ്ഞ 'സംതിങ് ഈസ് റോങ്' എന്നും വി.ഡി. സതീശൻ പറഞ്ഞു.
കൂടിയാലോചന ഇല്ലാതെ എടുത്ത തീരുമാനത്തിൽ കടുത്ത എതിർപ്പിലാണ് എൽഡിഎഫിലെ ഘടകകക്ഷികളും. പദ്ധതിയിൽ എൽഡിഎഫിൽ ചർച്ചയാകാമെന്ന സിപിഐഎം ജനറൽ സെക്രട്ടറിയുടെ ഉറപ്പ് നടപ്പായില്ലെന്ന് ആർജെഡി കുറ്റപ്പെടുത്തി . എൻസിപി, എൽജെഡി , ഐ എൻ എൽ എന്നിവരും എതിർപ്പ് അറിയിച്ച് രംഗത്തെത്തി. എന്നാൽ പദ്ധതിയെ അനുകൂലിക്കുന്ന നിലപാടാണ് കേരള കോൺഗ്രസ് മാണി വിഭാഗം സ്വീകരിച്ചത്.
ഘടകകക്ഷികളുടെ എതിർപ്പ് ശക്തമായതോടെ അനുനയ ശ്രമങ്ങൾ ഉടൻ ആരംഭിക്കാനാണ് എൽഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മുന്നണി യോഗം പിഎം ശ്രീ പദ്ധതി ചർച്ച ചെയ്യും. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമായിരിക്കും യോഗം ചേരുക.
പദ്ധതിയിൽ പ്രതിപക്ഷ യുവജന സംഘടനകളും ശക്തമായ പ്രതിഷേധം തുടരുകയാണ്. തൃശൂരിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് ഡിഇ ഓഫീസിൽ ബിജെപി അഭ്യാസ കാര്യാലയo എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു കെഎസ് യു പ്രതിഷേധം. ഇടത് സർക്കാർ വിദ്യാഭ്യാസ മേഖലയെ സംഘികൾക്ക് തീറെഴുതിയെന്ന് ആരോപിച്ച് കോഴിക്കോട് എം എസ് എഫ് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.