തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ കത്ത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ആർ രാജേഷാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയത്.
ഭരണ സൗകര്യാർഥം സ്ഥലംമാറ്റം നടപ്പിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നും ഒരു ഉദ്യോഗസ്ഥന് അധിക ചുമതല നൽകണമെന്നും കത്തിൽ പറയുന്നു. നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിലും സമാനരീതിയിൽ സ്ഥലംമാറ്റം നടപ്പിലാക്കിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിലെ സെക്ഷൻ സൂപ്രണ്ട് ആയ ഇങ്കു എൻ.എസ്, ഷീജാ കുമാരി, മഞ്ജു ലേഖ, എന്നിവരെ ഭരണ സൗകര്യാർഥം മറ്റ് ഓഫീസിലേക്ക് മാറ്റണമെന്നും, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ സെക്ഷൻ സൂപ്രണ്ട് ആയിട്ടുള്ള പി.സി. കൊച്ചുമോനെ തിരുവനന്തപുരത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ട്രേറ്റിലേക്ക് സ്ഥലം മാറ്റണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.