
2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടികയിൽ സ്ഥിരതാമസമില്ലാത്ത വോട്ടർമാരെ നിയമവിരുദ്ധമായി ചേർത്ത ബിഎൽഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരാതി. കെപിസിസി സെക്രട്ടറി എ പ്രസാദാണ് തൃശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
മണ്ഡലത്തിലെ 36,37, 42 , 54 ബൂത്തുകളുമായി ബന്ധപ്പെട്ട പരാതി നേരത്തെ നൽകിയിരുന്നെങ്കിലും ബൂത്ത് ലെവൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥൻമാർ നടപടി സ്വീകരിച്ചിരുന്നില്ല. മലപ്പുറത്ത് വോട്ടുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എന്ത് രേഖകളുടെ, പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ വി. ഉണ്ണികൃഷ്ണൻ്റെ പേര് ചേർക്കാൻ ബൂത്ത് ലെവൽ ഓഫീസർ ശുപാർശ നൽകിയതെന്നും പരാതിയിൽ ചോദിക്കുന്നു. ക്രമക്കേട് കണ്ടെത്തിയതിനാൽ തന്നെ ബൂത്ത് ലെവൽ ഓഫീസർ, വോട്ട് ചേർക്കുന്ന പ്രക്രിയയുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു
വോട്ട് കൊള്ള വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളികളുമായാണ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപിയെ സ്വീകരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തി പരിക്കേറ്റ പ്രവർത്തരെ സന്ദർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നില്ല