തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ. ജെ. ജെനീഷിനെ നിയമിച്ച തീരുമാനം രമേശ് ചെന്നിത്തലയ്ക്ക് ഏറ്റ കടുത്ത പ്രഹരമെന്ന് ഐ ഗ്രൂപ്പ്. വോട്ട് കണക്കിൽ പിന്നിലായ ആളെയാണ് പ്രസിഡന്റാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആളെ വർക്കിംഗ് പ്രസിഡന്റ് ആക്കിയെന്നും വിമർശനം ഉയർന്നു. രമേശ് ചെന്നിത്തല വിഭാഗത്തിലെ അബിൻ വർക്കിയെ പൂർണമായും തഴഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്.
സ്വാഭാവിക നീതി കിട്ടിയില്ല എന്നത് മാത്രമല്ല നീതികേടാണ് കാണിച്ചതെന്നും പറയുന്നു. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് താല്പര്യമില്ലെന്ന് അബിൻ വർക്കി നേരത്തെ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. അബിൻ വർക്കി നാളെ രാവിലെ 10 നു കോഴിക്കോട് മാധ്യമങ്ങളെ കാണും.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. വർക്കിങ് പ്രസിഡൻ്റ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ തെരഞ്ഞടുക്കപ്പെട്ടു. അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കാനാണ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം.
വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ച ഒഴിവിലേക്കാണ് ഒ. ജെ. ജനീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമായിരുന്നു ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം.