കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. വിഷയത്തിൽ ഗവർണറെയും ഇടതു സിൻഡിക്കേറ്റ് അംഗങ്ങളെയും വിമർശിച്ചു കൊണ്ടാണ് കോൺഗ്രസ് നേതാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. "ആർലേക്കർക്കെന്താ കൊമ്പുണ്ടോ ?" എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
സർവകലാശാലയിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി നിലനിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് കാരണം ചാൻസിലർ മാത്രമാണെന്നും ജ്യോതികുമാർ ചാമക്കാല കുറ്റപ്പെടുത്തി. ക്രിമിനലുകളെ പേടിച്ചിട്ടാണോ ചാൻസിലർ നടപടി സ്വീകരിക്കാത്തത്. സസ്പെൻഷൻ വിവാദം മൂലം നാട്ടിൽ നടക്കുന്ന അക്രമ സമരങ്ങൾക്ക് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
ആരോഗ്യമേഖലയിൽ അടക്കമുള്ള വിഷയങ്ങളിൽ നിന്ന് സർക്കാരിന് ഗവർണർ സംരക്ഷണ കവചം ഒരുക്കുകയാണോ?ഇടത് സംഘടനകളുടെ സമരം എന്തിനെന്നും ചാമക്കാല ചോദ്യമുന്നയിച്ചു.
ബോൾ ചാൻസലറുടെ കോർട്ടിൽ എത്തിച്ചു കൊടുത്തത് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ്. നിങ്ങളെ ഉപദേശിച്ചവർക്ക് ഒരു സൗജന്യ പിഎച്ച്ഡി എങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കട്ടെയെന്നും ചാമക്കാല പറഞ്ഞു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം കൂടിയായിരുന്നു ജ്യോതികുമാർ ചാമക്കാല.
ആർലേക്കർക്കെന്താ കൊമ്പുണ്ടോ ?
കേരള സർവ്വകലാശാലാ ചാൻസിലർ രാജേന്ദ്ര ആർലേക്കർക്കെന്താ കൊമ്പുണ്ടോ?
സർവ്വകലാശാലയിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി നിലനിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് കാരണം ചാൻസിലർ മാത്രമാണ്...
സർവ്വകലാശാലാ വിഷയത്തിലെ നാൾവഴികൾ
1. സംഘപരിവാർ അനുകൂല സംഘടനക്ക് ഗവർണ്ണർ കൂടി പങ്കെടുക്കുന്ന പരിപാടി നടത്താൻ രജിസ്ട്രാർ സെനറ്റ് ഹാൾ അനുവദിക്കുന്നു.
2. വിവാദമായ ഭാരതാംബയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കുന്നു എന്ന കാരണം പറഞ്ഞ് രജിസ്ട്രാർ അനുവദിച്ച ഹാളിൻ്റെ അനുമതി രജിസ്ട്രാർ തന്നെ റദ്ദാക്കുന്നു.
3. ഗവർണ്ണർ (കേരള സർവ്വകലാശാലയുടെ ചാൻസിലർ) പങ്കെടുക്കുന്ന യോഗത്തിന് അനുവദിച്ച സെനറ്റ് ഹാളിനുള്ള അനുമതി വൈസ് ചാൻസിലറെ അറിയിക്കാതെ പിൻവലിച്ച തീരുമാനത്തിൽ വൈസ് ചാൻസിലർ റിപ്പോർട്ട് തേടുന്നു.
4. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെൻ്റ് ചെയ്യുന്നു. വി സി സെമിനാറിൽ പങ്കെടുക്കാൻ വിദേശത്തേക്ക് പോകുന്നു.
5. സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല ഡിജിറ്റൽ വി സി ഡോ. സിസാതോമസിന് ചാൻസിലർ നൽകുന്നു.
6. രജിസ്ട്രാർ സസ്പെൻഷനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു. സർവ്വകലാശാലാ സിൻ്റിക്കേറ്റിനെയും വൈസ് ചാൻസിലറെയും എതിർ കക്ഷികളാക്കുന്നു.
7. ഈ വിഷയത്തിൽ വൈസ് ചാൻസിലറിനും സിൻ്റിക്കേറ്റിനും വിരുദ്ധ അഭിപ്രായമായതിനാൽ സിൻ്റിക്കേറ്റിനുവേണ്ടി സർവ്വകലാശാലാ സ്റ്റാൻ്റിംഗ് കൗൺസിലും വി സി ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടവും ഹാജരാകുന്നു.
8. ഹൈക്കോടതി കേസ് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുന്നു. അവരോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുന്നു; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന രജിസ്ട്രാറുടെ ആവശ്യം കോടതി തള്ളുന്നു.
9. ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട എതിർ സത്യവാങ്മൂലം തയ്യാറാക്കുന്നതിലേക്കായി പ്രത്യേക യോഗം വിളിക്കണമെന്ന് സിൻ്റിക്കേറ്റ് അംഗങ്ങൾ രേഖാമൂലം വൈസ് ചാൻസിലറോട് ആവശ്യപ്പെടുന്നു.
10. സാഹചര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് വൈസ് ചാൻസിലർ തൊട്ടടുത്ത ദിവസം(ഞായറാഴ്ചയായിട്ടും) തന്നെ പ്രത്യേക സിൻ്റിക്കേറ്റ് യോഗം വിളിക്കുന്നു.
11. യോഗത്തിൽ എതിർ സത്യവാങ്മൂലം തയ്യാറാക്കുക എന്ന ഏക അജണ്ട വിട്ട് രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് സിൻ്റിക്കേറ്റ് ക്രമവിരുദ്ധമായികടക്കുന്നു. (സിൻ്റിക്കേറ്റ് യോഗങ്ങളുടെ അജണ്ട തീരുമാനിക്കേണ്ടതും യോഗം തീരുമാനിക്കേണ്ടതും അദ്ധ്യക്ഷം വഹിക്കേണ്ടതും മിനിറ്റ്സ് അംഗീകരിക്കേണ്ടതും വൈസ് ചാൻസിലറാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വൈസ്ചാൻസിലറുടെ അനുമതിയോടെ ഏതെങ്കിലും മുതിർന്ന അംഗത്തിന് അദ്ധ്യക്ഷം വഹിക്കാമെങ്കിലും അജണ്ടയും മിനിറ്റ്സും അംഗീകരിക്കേണ്ടത് വൈസ് ചാൻസിലർ തന്നെയാണ്.
സിൻ്റിക്കേറ്റ് എടുക്കുന്ന തീരുമാനം ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിധേയമാണെന്ന് ഉറപ്പു വരുത്താൻ കൂടിയാണ് മിനിറ്റ്സ് വൈസ് ചാൻസിലർ അംഗീകരിക്കണമെന്ന് പറയുന്നത്. ഏതെങ്കിലും കാരണവശാൽ ഭൂരിപക്ഷ തീരുമാനപ്രകാരം സിൻ്റിക്കേറ്റ്, ആക്ടിനോ മറ്റ് ചട്ടങ്ങൾക്കോ വിരുദ്ധമായി തീരുമാനമെടുത്താൽ ആയത് തീരുമാനത്തിന് വൈസ് ചാൻസിലർ അംഗീകാരം നൽകാതെ ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, അതിൻമേൽ ചാൻസിലറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ് എന്ന് ആക്ടിൽ പറയുന്നുണ്ട്.)
12. വൈസ് ചാൻസിലർ മീറ്റിംഗിലെ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാണിച്ച് സിൻ്റിക്കേറ്റ് യോഗം പിരിച്ചുവിടുന്നു.
13. വി സി സിൻ്റിക്കേറ്റ് പിരിച്ചുവിട്ട ശേഷം അംഗങ്ങൾ വൈസ് ചാൻസിലറുടെ അഭാവത്തിൽ യോഗം ചേർന്ന് ഏകപക്ഷീയമായി രജിസ്ട്രാറെ തിരിച്ചെടുത്തതായി 'തീരുമാനിക്കുന്നു'.
14. തുടർന്ന് സിൻ്റിക്കേറ്റംഗങ്ങൾ മാത്രം ഒപ്പിട്ട മിനിറ്റ്സിനുമേൽ രജിസ്ട്രാറുടെ ചുമതലയുള്ള ജോയിൻ്റ് രജിസ്ട്രാർ ക്രമവിരുദ്ധമായി രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുന്നു. ഞായറാഴ്ച തന്നെ രജിസ്ട്രാർ 'ചുമതലയേൽക്കുന്നു.'
15. തിങ്കളാഴ്ച രാവിലെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ, തൻ്റെ സസ്പെൻഷൻ പിൻവലിച്ച് തന്നെ തിരിച്ചെടുത്തെന്നും ആകയാൽ കേസ് പിൻവലിക്കുകയാണെന്നും രജിസ്ട്രാർ കോടതിയെ അറിയിക്കുന്നു. വൈസ് ചാൻസിലറുടെ അഭിഭാഷകൻ സർവകലാശാലയിൽ നടന്ന നാടകങ്ങളെക്കുറിച്ച് കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് കോടതി കേസ് പിൻവലിക്കാൻ രജിസ്ട്രാർക്ക് അനുമതി നൽകുകയും ഞായറാഴ്ച നടന്ന ക്രമവിരുദ്ധ സിൻ്റിക്കേറ്റിനെ സംബന്ധിച്ച് പരാതി ഉള്ളവർ ഉചിതമായ സമിതിയെ സമീപിക്കാനും ഉത്തരവായി.
16. കോടതി വിധി : "Whether the decision of the Syndicate of the University is just, proper, legal and valid has to be decided by the appropriate authority/forum. As the said decision of the Syndicate is not the subject matter of challenge in this writ petition, this court would not like to comment on the functions and powers of the Syndicate. As the petitioner wants to withdraw this writ petition, the writ petition is dismissed as withdrawn. The decision of the Syndicate shall be considered and adjudicated by the appropriate authority if the same is challenged before the appropriate authority. This writ petition stands dismissed as withdrawn."
ഈ കോടതി ഉത്തരവ് വന്നശേഷം നടന്നിട്ടുള്ള കോലാഹലങ്ങൾ എന്തൊക്കെയാണ്?
I) ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സംഘർഷമുണ്ടാക്കുന്നു.
II) രജിസ്ട്രാർ ആരെന്ന കാര്യത്തിൽ തർക്കം തുടരുന്നു.
ഇനി പറയൂ....
ഇടതുസംഘടനകളുടെ സമരം എന്തിനാണ് ?
a) രജിസ്ട്രാറുടെ നിയമന അധികാരി സിൻ്റിക്കേറ്റാണ്. സിൻ്റിക്കേറ്റിൻ്റെ അധികാരം, ആക്ടിലെ വകുപ്പ് 10(13) ഉപയോഗിച്ച് ക്രമപ്രകാരമോ ക്രമവിരുദ്ധമായോ (ക്രമവിരുദ്ധമെന്ന് ഞാൻ പറയുമെങ്കിലും കോടതി കേസ് പരിഗണിച്ച വേളയിൽ പറഞ്ഞത് ക്രമപ്രകാരമെന്നാണ്) രജിസ്ട്രാറെ സസ്പെൻ്റ് ചെയ്താൽ പോലും അടുത്ത റെഗുലർ സിൻ്റിക്കേറ്റിൽ തിരിച്ച് തീരുമാനിക്കാമെന്നിരിക്കെ, സിൻ്റിക്കേറ്റ് ഓരോ രണ്ട് മാസത്തിൽ ഒന്നെങ്കിലും കൂടണമെന്നിരിക്കെ, എന്തിനായിരുന്നു ധൃതിപിടിച്ച് കോടതിയെ സമീപിച്ചത്?
b) കോടതിയിൽ പോയിട്ട് അന്തിമ തീരുമാനം വരും മുൻപ് എന്തിന് കേസ് പിൻവലിച്ചു?(സിൻ്റിക്കേറ്റ് സസ്പെൻഷൻ പിൻവലിച്ചതുകൊണ്ടാണെന്നൊക്കെ പൊതുവേദിയിൽ പറയാമെങ്കിലും ആ തീരുമാനം നിയമവിരുദ്ധമായാണ് എടുത്തത് എന്ന് രജിസ്ട്രാർക്കും വിവരമുള്ള സിൻ്റിക്കേറ്റ് അംഗങ്ങൾക്കും ബോധ്യമുള്ളതല്ലെ? നിയമപരമാണെന്നാണ് ഇപ്പോഴും പറയുന്നതെങ്കിൽ നിങ്ങളോട് സഹതാപം മാത്രം)
C) കേസ് പിൻവലിച്ച് കഴിഞ്ഞ് നിങ്ങൾ പറഞ്ഞത്, സിൻ്റിക്കേറ്റിൻ്റെ തീരുമാനം കോടതി അംഗീകരിച്ചു എന്നല്ലെ? മുകളിൽ കൊടുത്തിട്ടുള്ള ഉത്തരവ് വായിച്ചിട്ട് ഇപ്പോഴും നിങ്ങൾ ആ അഭിപ്രായത്തിൽ തന്നെയാണോ?
ഒറ്റവാക്കിൽ പറഞ്ഞാൽ ഹൈക്കോടതിയിൽ കേസുമായി പോവുകയും സസ്പെൻഷന് സ്റ്റേ ലഭിക്കാതിരിക്കുകയും തുടർന്ന് കേസ് പിൻവലിക്കുകയും ചെയ്തതിലൂടെ വൈസ് ചാൻസിലർ എടുത്ത സസ്പെൻഷൻ നടപടിയിൻമേലുള്ള അപ്പീൽ അധികാരിയായി ചാൻസിലറെ നിങ്ങൾ തന്നെ തീരുമാനിക്കുകയായിരുന്നില്ലെ ? അഥവാ ബോൾ ചാൻസിലറുടെ കോർട്ടിൽ നിങ്ങളായി എത്തിച്ചു കൊടുക്കുകയായിരുന്നില്ലെ ?
നിങ്ങളെ ഉപദേശിക്കുന്നവർക്ക് ഒരു സൗജന്യ പിഎച്ച്ഡി എങ്കിലും ഈ അവസരത്തിൽ നൽകുമെന്ന് പ്രതീക്ഷിക്കട്ടെ ?
ഇനി ചാൻസിലർ ആർലേക്കറോടാണ്...
ഹൈക്കോടതി വിധി വന്നിട്ട് ഒരാഴ്ചയാവുന്നു.
വിധിയിൽ പറയുന്നത് "The decision of the Syndicate shall be considered and adjudicated by the appropriate authority if the same is challenged before the authority" എന്നാണ്.
സിൻ്റിക്കേറ്റും വൈസ് ചാൻസിലറും തമ്മിലുള്ള തർക്കത്തിൽ വി സി അങ്ങേക്ക് പരാതി/റിപ്പോർട്ട് തന്നിട്ടുള്ളതാണല്ലൊ?
a) കോടതിവിധിയുടെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് താങ്കൾ തീരുമാനമെടുക്കുന്നില്ല? ക്രിമിനലുകളെ പേടിച്ചിട്ടാണോ ?
b) സിൻ്റിക്കേറ്റും വൈസ് ചാൻസിലറും വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയത്തിൽ കോടതിവിധി പ്രകാരം താങ്കൾ തീരുമാനമെടുക്കാത്തതുമൂലം നാട്ടിൽ നടക്കുന്ന അക്രമ സമരങ്ങൾക്ക് ആര് ഉത്തരം പറയും?
C) അതോ സംസ്ഥാന സർക്കാർ ഇപ്പോൾ പ്രതിസന്ധിയിലായിട്ടുള്ള ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ താങ്കൾ സംരക്ഷണ കവചം തീർക്കുകയാണോ?
ഏതായാലും രണ്ടുകൂട്ടരുടെയും ഗ്രാഫ് ഉയർന്നുതന്നെ നിൽക്കട്ടെ; സർവ്വകലാശാലയുടെ ഗ്രാഫ് താഴോട്ടും.......