തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. വിഎസ് എൻ്റെ ബാല്യം മുതൽ കേട്ട് തുടങ്ങിയ പേരാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാളാണ് വിട പറഞ്ഞതെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
"കേരളത്തിൻ്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി. എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. ഞാന്‍ കെഎസ്‌യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു"; രമേശ് ചെന്നിത്തല പറഞ്ഞു.
ഞാന്‍ പാര്‍ലമെൻ്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഒരു നൂറ്റാണ്ടു കാലം കേരളത്തിൻ്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിൻ്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്.അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെയും അശ്രുപൂജ അർപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിഎസിൻ്റെ വിയോഗത്തിൽ വിതുമ്പി കൊണ്ടാണ് എ. കെ. ആൻ്റണി പ്രതികരിച്ചത്. പാവപ്പെട്ടവർക്ക് വേണ്ടി പടപൊരുതിയ നേതാവാണ് വിഎസ്. പാർട്ടിയിൽ എകെജി കഴിഞ്ഞാൽ പാവപ്പെട്ടവരുടെ പടത്തലവലാണ് അദ്ദേഹം. വിഎസുമായി കെഎസ്‌യു കാലം മുതലുള്ള ബന്ധമാണെന്നും എ.കെ.ആൻ്റണി പറഞ്ഞു.
വിഎസിൻ്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വേർപാട് സംസ്ഥാനത്തിന് തന്നെ വലിയ നഷ്ടമാണ്.
സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിൻ്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും സിപിഐഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിഎസ് എന്നും പോരാളിയായിരുന്നു. തൊഴിലാളി രംഗത്തെ പോരാളി എന്നായിരുന്നു പി. ജെ. ജോസഫിൻ്റെ പ്രതികരണം. നിയമസഭയിൽ അതിശക്തമായി വിഷയങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പോരാട്ടം നടത്തി. മുന്നണി മാറിയപ്പോഴും വ്യക്തിബന്ധം എന്നും കാത്തു സൂക്ഷിച്ചയാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിനും നികത്താനകത്ത വിടവാണ്. വിഎസ് എന്നും ദുർബല ജനവിഭാഗത്തിനൊപ്പം നിലനിന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.
സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസ്.അച്യുതാനന്ദന്‍ എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രതികരണം. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മുൻ കെപിസിസി പ്രസിഡൻ്റ് എം.എം. ഹസൻ അനുശോചിച്ചു. തൊഴിലാളി വർഗത്തിൻ്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ് വി.എസ്.
അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമാണ്. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന് കേരളത്തിൻറെ മുഖ്യമന്ത്രിയും സിപിഐഎമ്മിൻ്റെ പോളിറ്റ് ബ്യൂറോ മെമ്പറും വരെയായ വി.എസ്. അച്യുതാനന്ദൻ വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എം.എം. ഹസൻ പറഞ്ഞു.