
ഡല്‍ഹി: വി.എസ്. അച്യുതാനന്ദന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിഎസ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്. 102 വയസായിരുന്നു.
1940ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ വിഎസ് സഖാവ് കൃഷ്ണപ്പിള്ളയുടെ നിര്‍ദേശപ്രകാരം കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് കുട്ടനാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ പൊലീസ് പീഡനം ഏറ്റുവാങ്ങിയെന്നും പോളിറ്റ് ബ്യൂറോ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
1958 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൌണ്‍സിലില്‍ നിന്നും ഇറങ്ങിവന്ന് സിപിഐഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു വിഎസ് അച്യുതാനന്ദന്‍ എന്നും പോളിറ്റ് ബ്യൂറോ അനുശോചന കുറിപ്പില്‍ അനുസ്മരിക്കുന്നു.
85 കൊല്ലം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ വിഎസ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ നേര്‍സാക്ഷിയായിരുന്നു. തന്‍റെ ആസാമന്യമായ പ്രസംഗ രീതിയിലൂടെ വിഎസ് ജനങ്ങളുമായി നേരിട്ട് സംവദിച്ചു. തന്‍റെ ജീവിത ശൈലികൊണ്ടും, സാമൂഹ്യനീതിയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത കൊണ്ടും അദ്ദേഹം എന്നും കേരള രാഷ്ട്രീയത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അടയാളമാകും. അദ്ദേഹത്തിന്‍റെ വേര്‍പാട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താന്‍ സാധിക്കാത്ത വിടവായിരിക്കും എന്നും പോളിറ്റ് ബ്യൂറോ കുറിപ്പില്‍ പറയുന്നു.