തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് വിമർശനമില്ലാത്ത, ആരാധന തനിക്ക് ഇല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നെഹ്റുവിന്റെ ആരാധകനാണെങ്കിലും അദ്ദേഹത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്ന് തരൂർ പറഞ്ഞു. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിൽ നെഹ്റുവിന്റെ തീരുമാനങ്ങളാണ് ചൈനക്കെതിരായ പരാജയത്തിന് കാരണമെന്ന മോദി സർക്കാരിന്റെ നിലപാടിൽ അടിസ്ഥാനമുണ്ട്. എന്നാൽ രാജ്യത്തെ എല്ലാം പ്രശ്നങ്ങൾക്കും നെഹ്റുവിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ശരി തരൂർ വ്യക്തമാക്കി.
നിയമസഭ അന്താരാഷ്ട്ര പുസ്തോകത്സവ വേദിയിൽ സംസാരിക്കവേയാണ് ശശി തരൂരിൻ്റെ പ്രതികരണം. ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിച്ചത് ജവഹർലാൽ നെഹ്റുവാണ്. മോദി സർക്കാർ ജനാധിപത്യ വിരുദ്ധർ അല്ലെങ്കിലും അവർ നെഹ്റു വിരുദ്ധരാണെന്നും തരൂർ പറഞ്ഞു. എല്ലാ കാര്യത്തിലും ജവഹർലാൽ നെഹ്റുവിനെ ബിജെപി കുറ്റപ്പെടുത്തുന്നുവെന്നും ശശി തരൂർ എംപി പറഞ്ഞു.
ബിജെപി നെഹ്റുവിനെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമായി കാണുന്നില്ല. എന്നാൽ നെഹ്റുവിനെ എല്ലാ കാര്യത്തിലും ക്രൂശിക്കേണ്ട കാര്യമെന്താണ്? ചില കാര്യങ്ങളിൽ നെഹ്റുവിൻ്റെ ഇടപെടൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് പറഞ്ഞ അദ്ദേഹം 1962ൽ ചൈനയോട് ഏറ്റ തോൽവി ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു.