വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയസാധ്യതയെന്ന വിലയിരുത്തലിൽ കോൺഗ്രസിന്റെ ബത്തേരി ക്യാമ്പ്. മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളിലും വിജയ പ്രതീക്ഷ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിലാണ് വിലയിരുത്തൽ.
കോൺഗ്രസ് ക്യാമ്പിലെ നിലവിലെ കണക്കുകളനുസരിച്ച്
കാസർകോട് 5 /3
കണ്ണൂർ 11/4
കോഴിക്കോട് 13/8
വയനാട് 3/3
മലപ്പുറം 16/16
പാലക്കാട് 12/5
തൃശ്ശൂർ 13/6
എറണാകുളം 14/12
ഇടുക്കി 5/4
ആലപ്പുഴ 9/4
കോട്ടയം 9/5
പത്തനംതിട്ട 5/5
കൊല്ലം 11/6
തിരുവനന്തപുരം 14/4
എന്നിങ്ങനെയാണ് വിജയ പ്രതീക്ഷ.
മിഷൻ 2026മായി വയനാട്ടിൽ കോൺഗ്രസിൻ്റെ ദ്വിദിന ക്യാമ്പ് തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർഥി നിർണയവുമാണ് പ്രധാന ചർച്ച. ലീഡേഴ്സ് സമ്മിറ്റിൽ നേതാക്കൾ നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ പറഞ്ഞു.
സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂർ എംപിയും പറഞ്ഞു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ദീപാ ദാസ് മുൻഷിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സംഘവും വയനാട് നേതൃക്യാമ്പിൽ എത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചയാവുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് ക്യാമ്പ് രൂപംനല്‍കും.