കണ്ണൂർ: പയ്യാമ്പലത്തെ വിവാദമായ ശിലാഫലകം പുനസ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ. പരാതിയിൽ നടപടി സ്വീകരിക്കാത്തതിനാലാണ് ഫലകം സ്ഥാപിക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്നത് ആഭാസത്തരമാണെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം മാറ്റി മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരുള്ള ഫലകം സ്ഥാപിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഈ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ശിലാഫലകം സ്ഥാപിച്ചപ്പോൾ പഴയ ഫലകം മാറ്റിയെന്ന് ഡിടിപിസിക്കും ജില്ലാ കളക്ടർക്കും കോൺഗ്രസ് പരാതിയും നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ പേരുള്ള ഫലകം മാറ്റി മുഹമ്മദ് റിയാസിൻ്റെ പേരുള്ള ഫലകം സ്ഥാപിച്ചത് റിയാസിന് ക്രെഡിറ്റെടുക്കാനാണെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. എന്നാൽ പത്രത്തിലൂടെയാണ് ഈ വാർത്ത അറിഞ്ഞതെന്നും ഫലകം മാറ്റിയതിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സർക്കാർ മാറുന്നതിനനുസരിച്ച് കല്ലുകൾ മാറ്റുന്ന ശീലമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
2015 മെയ് 15ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രവേശന കവാടത്തിന് സമീപം ഉദ്ഘാടനശേഷം ശിലാഫലകവും സ്ഥാപിച്ചിരുന്നു. മന്ത്രിയുടെ പ്രതികരണം വന്നിട്ടും ടൂറിസം ഡിപ്പാർട്ട്മെൻ്റിനും കളക്ടർക്കും നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ ചരമദിനത്തിൽ തന്നെ ഫലകം പുനസ്ഥാപിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
2022 മാര്‍ച്ച് ആറിനാണ് നവീകരിച്ച സീവ്യൂ പാര്‍ക്കിൻ്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് പി.എ. മുഹമ്മദ് അറിയിച്ചു. മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പി. എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
2015 മെയ് 15 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രവേശന കവാടത്തിന് സമീപം ഉദ്ഘാടനശേഷം ശിലാഫലകവും സ്ഥാപിച്ചിരുന്നു. 2022 മാർച്ച് 6 ന് പാത് വേ യും പാർക്കും നവീകരിച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസായിരുന്നു നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തത്.