കോഴിക്കോട്: കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ബന്ധു. ഭർത്താവ് മദ്യപിച്ചെത്തി ഷിംനയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് ഷിംനയുടെ ബന്ധു രാജു പറഞ്ഞു. മർദിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ല.
ജീവനൊടുക്കുന്നതിന് മുമ്പും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഷിംന മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും രാജു വ്യക്തമാക്കി. ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് കുടുംബം പലതവണ പറഞ്ഞിരുന്നു. ഇന്നലെ ഷിംന വീട്ടിൽ വിളിച്ചു അമ്മയോട് സംസാരിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഉള്ളതിനെകുറിച്ച് പറഞ്ഞിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഗോതീശ്വരം സ്വദേശി ഷിംനയെയായിരുന്നു രാത്രിയിൽ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനമെന്ന് വീട്ടുകാരുടെ ആരോപിച്ചിരുന്നു. സംഭവത്തിൽ മാറാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)