

കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു. നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അധികൃതർ. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്.
മുന്നൂറിലധികം വരുന്ന തൊഴിലാളികളിൽ ഭൂരിഭാഗം ആളുകളും പ്രദേശത്തെ താൽക്കാലിക ക്വാട്ടേഴ്‌സുകളിൽ താമസിച്ചായിരുന്നു നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തതോടെ തൊഴിലാളികളെ പൂർണമായും നിർമാണ മേഖലയിൽ നിന്ന് മാറ്റി. പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യത കുറവെന്ന് അധികൃതർ തന്നെ അവകാശപ്പെടുമ്പോഴും നേരിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
തുരങ്ക നിർമാണം ആരംഭിച്ച പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമിച്ച താൽക്കാലിക ക്വാട്ടേഴ്‌സുകളിൽ ചില ക്വാട്ടേഴ്‌സുകൾക്ക് കീഴിലെ മണ്ണ് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞിറങ്ങാം. ചിലയിടങ്ങളിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ആദ്യ നാല് മാസം കൊണ്ടുതന്നെ ഒരു ടണലിന്റെ നിർമാണം 75 മീറ്ററോളം പൂർത്തിയായിട്ടുണ്ട്. എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിച്ചാണ് ബ്ലാസ്റ്റിങ് നടത്തി പാറ തുരക്കുന്നത് . തുരന്നെടുക്കുന്ന പാറകൾ, സമീപത്ത് താൽക്കാലികമായി തയ്യാറാക്കിയിരിക്കുന്ന ക്രഷർ യൂണിറ്റ് ഉപയോഗിച്ച് മെറ്റൽ ആക്കി മാറ്റുകയും ആ മെറ്റലുകൾ റോഡ് നിർമാണത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ കള്ളാടിയിലെ പോലെ വലിയ മൺ കൂനകളോ പാറക്കൂട്ടങ്ങളോ ഇവിടെ ഇല്ല.