

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി. കോടതി അലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കി. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കശുവണ്ടി ഇറക്കുമതിയിൽ ടെൻഡർ നടപടിയിൽ കൃത്രിമം കാണിച്ചു എന്ന് സിബിഐ കണ്ടെത്തിയിരുന്നു. എൺപത് കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇതിൽ അന്നത്തെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായ ആർ. ചന്ദ്ര ശേഖരനെതിരെയും മുൻ എംഡി കെ.എ. രതീഷിനെതിരെയും പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ സർക്കാരിനെ സമീപിച്ചെങ്കിലും തുടർച്ചയായി അനുമതി നിഷേധിക്കുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതിക്കുള്ള തെളിവുകൾ ഇല്ലെന്നാണ് സർക്കാർ വാദം.
പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാതെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെതിരെ നേരത്തെ രൂക്ഷ വിമർശനം നടത്തിയിരുന്നു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.