തൃശൂർ: ചൊവ്വന്നൂരിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സിറ്റി ഗ്യാസ് സെന്‍ററിനെതിരെ ജനകീയ പ്രതിഷേധം ശക്തമാവുന്നു. പൈപ്പ് ലൈനിൽ അടക്കം തുടർച്ചയായി വാതക ചോർച്ച ഉണ്ടാകുന്നുവെന്നാണ് പരാതി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന് കീഴിൽ പ്രവർത്തിക്കുന്ന സെന്ററിന് നിയമാനുസൃത അനുമതിയില്ലെന്നും ഇത് മറച്ച് വെച്ച് അധികൃതർ കമ്പനിക്കായി വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
ഗെയിൽ പദ്ധതിയുമായി സഹകരിച്ച് തൃശൂർ - പാലക്കാട് ജില്ലകളിലായി പാചക വാതക വിതരണം നടത്തുന്നതിനായി സ്ഥാപിച്ച ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് ഗേറ്റ് സെന്ററിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പ്രതിദിനം ഏഴ് ലക്ഷം ക്യൂബിക് ഫീറ്റ് വാതക വിതരണം ലക്ഷ്യമിട്ട് സ്ഥാപിച്ച സെന്ററിനെതിരെ നിയമ പോരാട്ടം തുടരുന്നതിനിടെ, 2023 ഓഗസ്റ്റ് രണ്ടിനാണ് പദ്ധിക്ക് തുടക്കം കുറിച്ചത്. എന്നാൽ പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പാചക വാതക വിതരണ പൈപ്പ് ലൈനുകളിലും ഗേറ്റ് സെന്ററിലും പലവട്ടം ചോർച്ചയുണ്ടായി. ജനുവരി ആദ്യവാരവും ചോർച്ചയുണ്ടായതോടെ ജനകീയ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ് .
പെട്രോളിയം ആൻഡ് നാച്യുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കുന്നംകുളം നഗരസഭയിലും ചൊവ്വന്നൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന പ്രദേശത്ത് സിറ്റി ഗ്യാസ് സെന്ററർ സ്ഥാപിച്ചതെന്നാണ് പ്രധാന പരാതി. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ ദൂരത്തിൽ സ്ഥാപിക്കേണ്ട പദ്ധതി നിലവിൽ പ്രവർത്തിക്കുന്നത് 15 മീറ്റർ പോലും വ്യത്യാസമില്ലാതെയാണ്. ബന്ധപ്പെട്ട വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി എൻഒസി നേടിയെടുത്തതെന്നും അധികൃതർ കമ്പനിക്ക് വേണ്ടി വഴി വിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു
നാട്ടുകാരിൽ നിരവധി പേർ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും പരാതി ഉയരുന്നുണ്ട്. 2022 മുതൽ നിയമപോരാട്ടം നടത്തുന്നുണ്ടെങ്കിലും 50 തവണ ഹൈക്കോടതി കേസ് മാറ്റിവെച്ചത് കമ്പനിയുടെ സ്വാധീനം മൂലമാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്നും എന്നാൽ ജനവാസ മേഖലയിൽ നിന്ന് സെന്റർ മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ നിലപാട്.