തിരുവനന്തപുരം: കേരള ആർട്ടിസൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിലെ വമ്പൻ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ കബളിപ്പിച്ചു എന്നാണ് പരാതി. ക്രമക്കേട് കണ്ടെത്തിയ മുൻ എംഡി ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയുണ്ട്.
വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് നേരത്തെ ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു. എന്നാൽ ചുരുൾ അഴിയാത്ത അഴിമതികളുടെ കഥകളാണ് കാഡ്‌ക്കോയിൽ നിന്നും വീണ്ടും പുറത്തു വരുന്നത്. തദ്ദേശ സ്ഥാപനങ്ങളെയും പൊതുമേഖല സ്ഥാപനങ്ങളെയും വരെ കാഡ്‌ക്കോ ഇരയാക്കി. വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും മാനേജ്മെന്റിലെ ഉന്നതരുടെ സ്വാധീനത്താൽ വലിയ വർക്ക് ഓർഡറുകൾ കരസ്ഥമാക്കിയ എംപാനൽഡ് കമ്പനികൾ വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് സർക്കാരിനെ കബളിപ്പിച്ചത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം മുൻ റീജണൽ ഓഫീസർ നൽകിയ പരാതിയിൽ മുൻ എംഡി അജിത്കുമാർ നടപടിക്ക് നിർദേശം നൽകിയെങ്കിലും ഉന്നത സ്വാധീനത്താൽ എല്ലാം പാതി വിഴിയിലാണ്.
തിരുവനന്തപുരം നഗരസഭ ,വിതുര പഞ്ചായത്ത്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കെഎസ്ആർടിസി എന്നിവരിൽ നിന്നും കാഡ്‌ക്കോയ്ക്ക് പരാതി ലഭിച്ചു. ഓർഡർ പ്രകാരം സേവനം നൽകാതെ വ്യാജ ബില്ലുകൾ നൽകിയതായി കണ്ടെത്തി. ഇതിൽ അന്വേഷണം നടത്തിയ റീജണൽ ഓഫീസർ ആർ.കെ ഇൻഡസ്ട്രീസ്, ഇമ്മാനുവൽ, ഹൈടെക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായി പരാതി ലഭിച്ചതായി എംഡിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ പേരിൽ ചില കമ്പനികൾ തന്നെ ഭീഷണിപ്പെടുത്തിയതായും റീജണൽ മാനേജർ പൊലീസിലും പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകിയവർക്കെതിരെയും ഇതിനെതിരെ നടപടിക്ക് നിർദേശം നൽകിയവർക്കുമെതിരെ പ്രതികാര നടപടി സ്വീകരിച്ചുകൊണ്ട് കാഡ്‌ക്കോ മാനേജ്മെന്റ് പകരം വീട്ടുകയാണ് ഉണ്ടായത്. റീജണൽ മാനേജരെ കൊല്ലത്തേക്ക് സ്ഥലം മാറ്റി. നടപടിക്ക് നിർദേശം നൽകിയ മുൻ എംഡിക്ക് സ്റ്റാറ്റ്യൂട്ടറി ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു.
ആശാരിപ്പണിയും അനുബന്ധ ജോലികളും പ്രോത്സാഹിപ്പിക്കാൻ സർക്കാർ രൂപീകരിച്ച കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തി താല്‍പ്പര്യങ്ങൾക്കനുസരിച്ച് മാത്രമാണ് മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപം. പക്ഷപാതപരമായാണ് വർക്കുകൾ കൈമാറുന്നതെന്ന എം പാനൽ ആർട്ടിസാന്മാരുടെ പരാതി ഹൈക്കോടതിയിൽ നിലനിൽക്കെയാണ് സ്വയം രൂപീകൃത ഭരണവുമായി കാഡ്‌ക്കോ മുന്നോട്ടു പോകുന്നത്.