യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം; എല്ലാം പാർട്ടിക്കുള്ളില്‍ തീർത്തോളാമെന്ന് ചാണ്ടി ഉമ്മൻ

പരിപാടിയിൽ പങ്കെടുക്കാത്ത ചാണ്ടി ഉമ്മനെതിരെ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ്
ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍Source: News Malayalam 24x7
Published on

കോഴിക്കോട്: യൂത്ത് കോൺഗ്രസ് പരിപാടിയിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം. ഷാഫി പറമ്പിലുമായി ഇടഞ്ഞു നിൽക്കുന്ന ടി. സിദ്ദിഖിന്റെ നിർദേശപ്രകാരം ചാണ്ടി ഉമ്മൻ വിട്ടുനിന്നുവെന്നാണ് ആരോപണം ഉയർന്നത്. ഡിസിസി പ്രസിഡന്റ് അതൃപ്തി പരസ്യപ്പെടുത്തിയതോടെ വിശദീകരണവുമായി ചാണ്ടി ഉമ്മൻ പ്രവീൺ കുമാറിനെ സന്ദർശിച്ചു. എല്ലാം കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ പരിപാടിയിൽ പങ്കെടുക്കാത്ത ചാണ്ടി ഉമ്മനെതിരെ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യുവജന സമ്പർക്കയാത്രയിൽ ചാണ്ടി ഉമ്മനും രമ്യ ഹരിദാസും പങ്കെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. രാവിലെ ഏഴരയ്ക്ക് കോഴിക്കോട് മുഖദാർ ബീച്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ രമ്യ ഹരിദാസ് മാത്രമാണ് എത്തിയത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. ജില്ലയിൽ പുതിയതായി ഉയർന്ന ഷാഫി പറമ്പിൽ - ടി സിദ്ദിഖ് ഭിന്നതയുടെ ഭാഗമാണ് ചാണ്ടി ഉമ്മൻ പങ്കെടുക്കാത്തതിന് കാരണമെന്നാണ് വിവാദം ഉയർന്നത്. ടി. സിദ്ദിഖിന്റെ നിർദേശപ്രകാരമാണ് ചാണ്ടി ഉമ്മൻ വിട്ടു നിന്നതെന്നായിരുന്നു പ്രചാരണം. ചാണ്ടി ഉമ്മനോട് താനാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്നും എന്തുകൊണ്ട് വിട്ടുനിന്നെന്ന് അന്വേഷിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ പറഞ്ഞതോടെ വിവാദം മുറുകി.

ചാണ്ടി ഉമ്മന്‍
"അയാള്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചു, സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചു"; യുവ നേതാവിനെതിരെ ആരോപണങ്ങളുമായി നടി റിനി

മലബാർ ക്രിസ്ത്യൻ കോളേജിൽ മാഗസിൻ പ്രകാശനത്തിനെത്തിയ ചാണ്ടി ഉമ്മൻ കാര്യങ്ങള്‍ വിശദീകരിച്ചു. നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന താൻ പുലർച്ചെയാണ് എത്തിയത്. രമ്യ ഹരിദാസായിരുന്നു പരിപാടിയുടെ ഉദ്ഘാടക. സാഹചര്യം ഉണ്ടായാൽ പങ്കെടുക്കാമെന്ന് മാത്രമാണ് പറഞ്ഞത്. ഡിസിസി പ്രസിഡൻ്റ് പറഞ്ഞത് പാർട്ടിയിൽ തീർത്തോളാമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

എന്നാൽ, ഒരാഴ്ച മുൻപ് ചാണ്ടി ഉമ്മനെ പരിപാടിയിലേക് ക്ഷണിച്ചിരുന്നതായി കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് പി.പി. റമീസ് പറഞ്ഞു. സംഭവത്തിൽ നേതൃത്വത്തിന് പരാതി നൽകുമെന്നും റമീസ് അറിയിച്ചു.

കോളേജിലെ ചടങ്ങ് കഴിഞ്ഞതോടെ ചാണ്ടി ഉമ്മൻ രമ്യ ഹരിദാസിനൊപ്പം ഡിസിസി ഓഫീസിലേക്കെത്തി പ്രവീണ്‍ കുമാറിനെ കണ്ടു. സന്ദർശനത്തിന് ശേഷം എല്ലാം ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്നാണ് നേതാക്കൾ പ്രതികരിച്ചത്.

കോഴിക്കോട് ഷാഫി പറമ്പിൽ - ടി. സിദ്ദീഖ് ഭിന്നത എന്നത് തെറ്റായ പ്രചാരണമെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. വിവാദം തൽക്കാലം കെട്ടടങ്ങിയെങ്കിലും യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com