
കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തെ ചൊല്ലി വിവാദം. ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയാണ് വിവാദം ഉയർന്നത്. ഭാരതാംബയുടെ ചിത്രത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തണമെന്നായിരുന്നു രാജ്ഭവൻ്റെ ആവശ്യം. എന്നാൽ സർക്കാർ പരിപാടിയിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും ചിത്രം മാറ്റണമെന്നും കൃഷിമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗവർണർ അതിന് തയ്യാറാവാതെ വന്നതോടെ കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ. രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിപാടി കൃഷി വകുപ്പ് സെക്രട്ടേറിയറ്റിന് മുന്നിലും നടത്തി.
സർക്കാർ പരിപാടിയിൽ ഉൾപെടുത്താൻ കഴിയാത്ത മാറ്റം രാജ്ഭവനിലുണ്ടായതെന്നും ബാഹ്യശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണെന്നും കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. രാജ്ഭവനിൽ പരിപാടി നടത്താൻ ആണ് തീരുമാനിച്ചത്. കാര്യപരിപാടികളിൽ പെട്ടെന്ന് മാറ്റം കൊണ്ടുവന്നു. അവിടെ ഉപയോഗിക്കുന്നത് സാദാരണ ഉപയോഗിക്കുന്ന ചിത്രം ആയിരുന്നില്ല. അത് ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം ആണ്. അങ്ങനെ ഒരു തീരുമാനത്തോട് പൊരുത്തപ്പെടാൻ ആകില്ല. ആ കാര്യം രാജ്ഭവനെ അറിയിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റാൻ കഴിയില്ല എന്ന് രാജ്ഭവൻ അറിയിച്ചു പി. പ്രസാദ് വ്യക്തമാക്കി.
രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ലെന്നും പി. പ്രസാദ് പറഞ്ഞു. രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. രണഘടന ഉത്തരവാദിത്തം നിറവേറ്റേണ്ടയാളാണ് ഗവർണർ. ഈ വിഷയത്തിൽ എല്ലാവർക്കും ഒരേ നിലപാടാണ്. രാജ്ഭവന്റെ കടുംപിടുത്തം എന്തിനാണെന്ന് അറിയില്ലെന്നും വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൃഷി വകുപ്പിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജ്ഭവനിലെ പരിപാടിയില്‍ എടുത്ത നിലപാട് നന്നായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ ഭാരതാംബയുടെ ചിത്രം എന്തിന് മാറ്റണമെന്നായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കറുടെ ചോദ്യം. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം വയ്ക്കാൻ മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും ഗവർണർ പറഞ്ഞു. അതേസമയം, ഭാരത് മാതാ സങ്കൽപ്പം പുതിയ കാര്യമല്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വർഷങ്ങളായി ജനങ്ങൾ ജന്മനാടിനെ അമ്മയായി കരുതുന്നു. എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറയുന്നത് എന്നറിയില്ലെന്നും കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വച്ചാണ് കുമ്മനം രാജശേഖരൻ വാർത്ത സമ്മേളനം നടത്തിയത്.
"ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാർ പോലും ഭാരത് മാത കീ ജയ് എന്ന് വിളിച്ചിരുന്നു. അതിനെ നിന്ദിക്കുന്ന നിലപാട് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ക്ഷമിക്കാവുന്നതല്ല. ജവാന്മാർ പോലും അമ്മയുടെ മാനം കാക്കാനാണ് തങ്ങൾ ജോലി ചെയ്യുന്നത് എന്ന് പറയുന്നു. എന്തിനും മതത്തെയും വർഗീതയെയും കാണുന്നതാണ് പ്രശ്നം. ഗവർണർ കാര്യങ്ങളെ നോക്കി കണ്ട് മനസിലാക്കാൻ കഴിവുള്ള ആളാണ്. ഒരു ബാഹ്യശക്തികളും അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. ഉണ്ടെങ്കിൽ പി. പ്രസാദ് ആ കാര്യം വെളിപ്പെടുത്തണം. മന്ത്രിയുടെ നിലപാട് അപലപനീയമാണ്" കുമ്മനം രാജശേഖരൻ പറഞ്ഞു.
എന്നാൽ കൃഷി വകുപ്പ് പരിപാടി ഒഴിവാക്കിയ സംഭവത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയത്തെപ്പറ്റിയുള്ള മാധ്യമങ്ങുടെ ചോദ്യങ്ങൾക്ക് ഗവർണറുമായി പോരിനില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെയും മറുപടി. ഇത്തരം വാശി പാടില്ലായിരുന്നു. ഭാരത മാതാവിന് ഒരു മുഖഛായ എന്നൊന്നും ഇല്ല. കേരളത്തിൽ ആദ്യമായല്ല ഈ ദിനം ആചാരിക്കപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, രാജ്ഭവൻ അത്തരം നിബന്ധന വെക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കാൻ പാടില്ല. കോൺഗ്രസ് എതിർപ്പ് പറഞ്ഞപ്പോൾ പിണറായി മിണ്ടിയില്ല. ഗവർണറെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഗവർണർ സംസ്ഥാനത്തിന്റെ തലവനാണെന്നും ആ ഔന്നിത്യം കാണിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. രാജ്ഭവനിലെ ഭാരതാംബ വിഷയം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.