

തൃശൂർ: ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ കാണിക്കുന്നതിനെ ചൊല്ലി തർക്കം. ഗുരുവായൂർ നഗരസഭാ സെക്രട്ടറി ഇ.എച്ച്, അഭിലാഷ് കുമാറിനെതിരെ വധ ഭീഷണിയുമായി ഇടതു കൗൺസിലർമാർ. സെക്രട്ടറിയുടെ പരാതിയിൽ സിപിഐഎം കൗൺസിലർമാരായ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
സിപിഎമ്മിൻ്റെ കൗൺസിലർമാരായ മനോജ്, എറിൻ ആൻ്റണി, അനൂപ് എന്നിവർക്കെതിരെ കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിക്കൽ , കൃത്യനിർവഹണം തടസപ്പെടുത്താൻ എന്നി വകുപ്പുകൾ പ്രകാരമാണ് കേസ്. ഗുരുവായൂർ നഗരസഭയുടെ ഓഡിറ്റോറിയം ഫുട്ബോൾ കാണാൻ നൽകാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.
ലോകകപ്പ് ഫുട്ബോൾ കാണാനായി ഗുരുവായൂർ നഗരസഭയുടെ ഓഡിറ്റോറിയം ഒരുക്കാമെന്ന് നേരത്തെ ഇടതു ഭരണകാലത്ത് തീരുമാനിച്ചിരുന്നു. എന്നാൽ ഭരണം മാറിയതോടെ ഓഡിറ്റോറിയം വിട്ടു കൊടുക്കുന്നതിനോട് സെക്രട്ടറി വിയോജിപ്പ് അറിയിക്കുകയായിരുന്നു.
ഓഡിറ്റോറിയം രണ്ട് മാസത്തെ വിട്ടുകൊടുത്താൽ നഗരസഭയ്ക്ക് ഭീമമായ നഷ്ടം ഉണ്ടാകുമെന്നാണ് സെക്രട്ടറി വിശദീകരിച്ചത്. ഇതിൽ പ്രകോപിതരായ മൂന്ന് ഇടതു കൗൺസിലർമാർ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
ഇതുതുടർന്ന് സെക്രട്ടറി ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകി. തിരിച്ചും കൗൺസിലർമാർ പരാതി നൽകിയിട്ടുണ്ട്. അതേസമയം സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചു.