തിരുവനന്തപുരം: കൈക്കൂലി കേസിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. വിജിലൻസ് മേധാവി ശുപാർശ സമർപ്പിച്ചു. വിഷയത്തിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ഡിഐജിക്കെതിരായ വിജിലൻസ് കേസിൽ ഗുരുതര കണ്ടെത്തലുകൾ നേരത്തെ പുറത്തുവന്നിരുന്നു. രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികൾക്കടക്കം ഡിഐജി എം.കെ വിനോദ് കുമാർ സഹായം ചെയ്തെന്നടക്കമുള്ള കണ്ടെത്തലാണ് പുറത്തുവന്നത്. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്കും നിരന്തരം സഹായം ചെയ്തുനൽകാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനത്തിലും വിനോദ് കുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങി. ഡിഐജിയുടെ വീട്ടിലും ക്വാർട്ടേഴ്സിലും വിജിലൻസ് റെയ്ഡ് നടത്തി. ബാങ്ക് രേഖകളും ഭൂമി ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.
രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികൾക്കും മയക്കുമരുന്ന് കേസിലെ പ്രതികൾക്കും അനുകൂല റിപ്പോർട്ടുകൾ നിർമിച്ച് നൽകി പരോൾ അനുവദിച്ചു എന്ന ഗുരുതര കണ്ടെത്തലടക്കമാണ് ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ പുറത്തുവന്നത്. 12 തടവുകാരുടെ ഉറ്റവരിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ വഴിയുമാണ് പണം വാങ്ങുന്നത്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരൻ.
കഴിഞ്ഞ ദിവസമാണ് തടവുകാരിൽ നിന്ന് പണം വാങ്ങിയെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്തത്. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. സ്ഥലംമാറ്റത്തിനായി വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം.