ന്യൂ ഡൽഹി: പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. ധാരണാപത്രം പിൻവലിച്ചേ മതിയാകൂവെന്നും പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നമാണെന്നും ഡി. രാജ. പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്യണമായിരുന്നു. സിപിഐഎം ചർച്ച ചെയ്ത് നിലപാട് അറിയിക്കട്ടെയെന്നും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡി. രാജ വ്യക്തമാക്കി.
അതേസമയം പിഎം ശ്രീയിൽ കടുത്ത നിലപാടിലേയ്ക്ക് സിപിഐ നീങ്ങാനാണ് സാധ്യത. മന്ത്രിസഭാ യോഗങ്ങളിൽ നിന്നടക്കം സിപിഐ വിട്ടു നിന്നേക്കുമെന്നാണ് സൂചന. പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോകാതേ സമയവായം വേണ്ടെന്നാണ് സിപിഐ നിലപാട്. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പാർട്ടി നിലപാട് പ്രഖ്യാപിക്കും.
പിഎം ശ്രീ വിവാദം ചർച്ച ചെയ്യാൻ വിളിച്ച സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. പിഎം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം.