'സർക്കാരിനെ വെട്ടിലാക്കേണ്ട'; പൊലീസ് വീഴ്ചയും പൂര വിവാദത്തിലെ അതൃപ്തിയും ഒഴിവാക്കി സിപിഐ രാഷ്ട്രീയ റിപ്പോർട്ട്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്ന നിലപാടെടുത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചുSource: News Malayalam 24x7
Published on

ആലപ്പുഴ: സർക്കാരിനെതിരായ കടുത്ത വിമർശനങ്ങൾ ഒഴിവാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട്. പൊലീസ് വീഴ്ചയും പൂര വിവാദത്തിലെ അതൃപ്തിയും റിപ്പോർട്ടില്‍ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എടുത്ത നിലപാട്.

എല്‍ഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ പൂരം കലക്കൽ വിവാദത്തില്‍ കടുത്ത അതൃപ്തിയാണ് കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലില്‍ ഉയർന്നുവന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന് ലഭിക്കുന്ന സംരക്ഷണത്തിൽ പ്രതിനിധികൾ ശക്തമായ എതിർപ്പ് അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും റിപ്പോർട്ടില്‍ വേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊലീസാണ് കേരളത്തിലേതെന്നാണ് സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നത്. ‘കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും കേരള പൊലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണ്' എന്നും പറയുന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു
സർക്കാരിന് പ്രശംസയും വിമർശനവും; സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കു പുറമേ വ്യവസായം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി, തുറമുഖം, തൊഴിൽ തുടങ്ങി ഒട്ടു മിക്ക വകുപ്പുകളെയും പുകഴ്ത്തുന്നതാണ് സിപിഐയുടെ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ട്.

സംസ്ഥാന സർക്കാർ നയങ്ങളിൽ ഒരേസമയം വിമർശനവും പ്രശംസയും മുന്നോട്ടുവയ്ക്കുന്നതാണ് സിപിഐയുടെ പ്രവർത്തന റിപ്പോർട്ട്. മദ്യനയത്തെ വിമർശിക്കുന്ന പ്രവർത്തന റിപ്പോർട്ട് ആഭ്യന്തരവകുപ്പിനെ പ്രശംസിക്കുന്നു. ബിജെപി വോട്ടുനില ഗണ്യമായ തോതിൽ വർധിപ്പിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

നിലവിലെ മദ്യനയത്തിൽ വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും അത് ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ലെന്നും വിമർശനമുണ്ട്. ഇടതുമുന്നണി സർക്കാർ ഭരിക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന നേരിടുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. എൽഡിഎഫിന്റെ ജനകീയ അടിത്തറ ആയ തൊഴിലാളി വിഭാഗത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിൻ്റെ താല്പര്യത്തിന് കൂടുതൽ ഊന്നൽ നൽകി വികസന പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യം കിട്ടിയില്ല. കർഷകരെ കടക്കെണിയിൽ നിന്ന് സംരക്ഷിച്ചിരുന്ന കടാശ്വാസ കമ്മീഷൻ സ്തംഭനത്തിലെന്നും വിമർശനമുണ്ട്.

കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിൽ വിമർശനങ്ങൾ ഒഴിവാക്കിയതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രശംസ മാത്രമുള്ള റിപ്പോർട്ടിന്മേൽ നടക്കുന്ന പൊതു ചർച്ചയിലും പ്രതിനിധികളിൽ നിന്ന് വിമർശനം ഉണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com