സർക്കാരിന് പ്രശംസയും വിമർശനവും; സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്

ഇടതുമുന്നണി സർക്കാർ ഭരിക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന നേരിടുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
സർക്കാരിന് പ്രശംസയും വിമർശനവും; സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്
Source: News Malayalam 24x7
Published on

സംസ്ഥാന സർക്കാർ നയങ്ങളിൽ വിമർശനവും പ്രശംസയുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്. ആലപ്പുഴ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു. മദ്യനയത്തെ വിമർശിക്കുന്ന പ്രവർത്തന റിപ്പോർട്ട് ആഭ്യന്തരവകുപ്പിനെ പ്രശംസിക്കുകയും ചെയ്യുന്നു. ബിജെപി വോട്ടുനില ഗണ്യമായ തോതിൽ വർദ്ധിപ്പിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

പതിവിൽ നിന്നും വ്യത്യസ്തമായി വലിയതോതിൽ വിമർശനങ്ങൾ ഇല്ലാത്ത പ്രവർത്തന റിപ്പോർട്ട് ആണ് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ചത്. നിലവിലെ മദ്യനയത്തിൽ വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും അത് ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.

ഇടതുമുന്നണി സർക്കാർ ഭരിക്കുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന നേരിടുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം ഉണ്ട്. എൽഡിഎഫിന്റെ ജനകീയ അടിത്തറ ആയ തൊഴിലാളി വിഭാഗത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിൻ്റെ താല്പര്യത്തിന് കൂടുതൽ ഊന്നൽ നൽകി വികസന പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യം കിട്ടിയില്ല. കർഷകരെ കടക്കെണിയിൽ നിന്ന് സംരക്ഷിച്ചിരുന്ന കടാശ്വാസ കമ്മീഷൻ സ്തംഭനത്തിലെന്നും വിമർശനം ഉണ്ട്.

തൃശൂരിൽ ബിജെപി ജയിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രവർത്തന റിപ്പോർട്ട് എടുത്തുപറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വോട്ടുനില വലിയതോതിൽ ഉയർത്തി. വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും പ്രവർത്തന റിപ്പോർട്ടിലുണ്ട്. ഹിന്ദുത്വ ആശയം കേരളത്തിലും ശക്തിപ്പെടുന്നു. ആരാധനാലയങ്ങൾ അതിനുള്ള കേന്ദ്രമാക്കുന്നു. കുട്ടികളേയും യുവാക്കളേയും സ്ത്രീകളേയും കേന്ദ്രീകരിച്ച് ആത്മീയ തലത്തിൽ പ്രചാരണങ്ങൾ നടക്കുന്നത് ജാഗ്രതയോടെ കാണണം. അന്ധവിശ്വാസ നിരോധന നിയമനിർമ്മാണം നടപ്പിലാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. ഇസ്ലാമിക തീവ്രവാദ ശക്തികളും കാസയും വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഈ വിഷയത്തിൽ മഹിളാ, യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ ഇടപെടണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

സർക്കാരിന് പ്രശംസയും വിമർശനവും; സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; വി. ഡി. സതീശനും ചെന്നിത്തലയ്ക്കും എതിരെ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

റവന്യൂ വകുപ്പിനെ റിപ്പോർട്ടിൽ പ്രശംസിക്കുന്നു. രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തത് ചരിത്രനേട്ടമാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം പട്ടയങ്ങൾ കൂടി ഈ സർക്കാരിൻറെ കാലയളവിൽ വിതരണം ചെയ്യും. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നില കേരളത്തിലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. വീടിനകത്തും പുറത്തും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഭാരതാംബ വിവാദത്തിൽ ഗവർണറുടെ സംഘപരിവാർ അജണ്ട തുറന്നു കാട്ടിയ മന്ത്രി പി. പ്രസാദിന് പ്രവർത്തന റിപ്പോർട്ടിൽ അഭിനന്ദനവുമുണ്ട്. വിമർശനങ്ങളെക്കാൾ സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com