

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം, കേരള രജിസ്ട്രാറുടെ മാറ്റം എന്നിവയിൽ സിപിഐയ്ക്ക് കടുത്ത അതൃപ്തി. സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന പ്രതീതി ഉണ്ടാക്കിയെന്നാണ് സിപിഐയുടെ വിലയിരുത്തൽ. അതേസമയം സമവായം, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെ ന്യായീകരണം.
വിസി നിയമനത്തിൽ തുറന്ന പോരിലായിരുന്ന സർക്കാരും ഗവർണറും മുഖ്യമന്ത്രിയുടെ ഒറ്റ കൂടിക്കാഴ്ചയിലാണ് സമവായത്തിലെത്തിയത്. ഗവർണർക്ക് താൽപ്പര്യമുള്ള വിസി യെ നിയമിക്കാൻ സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങുന്നത്. കോടതി കയറിയ തർക്കം സർക്കാരിന് അനുകൂലമായ സാഹചര്യത്തിലാണ് ഗവർണറുമായി ഒത്തുതീർപ്പിലെത്തിയത്. ഇതോടെ ഇടത് മുന്നണിക്കുള്ളിൽ സ്വരം ഇടറി.
സമവായത്തിലാണെങ്കിലും സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന വിലയിരുത്തലാണ് സിപിഐക്ക്. ഡോ. സിസ തോമസിനെ വിസിയായി നിയമിച്ചതിലും, കേരള സർവകലാശാലയിലെ രജിസ്ട്രാർ അനിൽകുമാറിനെ മാതൃവകുപ്പിലേക്ക് സ്ഥലം മാറ്റിയതിലുമാണ് സിപിഐ അതൃപ്തി.
എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ നടത്തിയ സമരം വൃഥാവിലായെന്നും, സിപിഐഎം നിലപാടിൽ അയഞ്ഞെന്നും വിമർശനമുണ്ട്. അതിനിടെ സമവായത്തിലെത്തിയ വിവരം സർക്കാരും ഗവർണറും സുപ്രീം കോടതിയെ അറിയിച്ചു. സമവായത്തിലെത്തിയ ഗവർണറുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
സ്ഥിരം വിസിമാര്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഓർമിപ്പിച്ച കോടതി സ്ഥിരം വിസിമാരുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകണം എന്ന് മാത്രമാണ് നിബന്ധനയെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.