എറണാകുളം: കിഫ്ബി മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാം എന്നിവർക്കെതിരായ നോട്ടീസാണ് സ്റ്റേ ചെയ്തത്. മൂന്ന് മാസത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തത്. അതേസമയം, കിഫ്ബിക്കെതിരെയുള്ള നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
മസാല ബോണ്ടിലെ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇ ഡി കഴിഞ്ഞ ദിവസം അപ്പീല്‍ നൽകിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുമതി നല്‍കണമെന്നാണ് ഇ ഡിയുടെ ആവശ്യം.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ഇടപാടകുള്‍ക്ക് ഉപയോഗിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും മറുപടി ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചത്. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കല്ല, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചത് എന്നായിരുന്നു ഈ വിഷയത്തില്‍ കിഫ്ബി ഹൈക്കോടതിയില്‍ അറിയിച്ചത്.