ചണ്ഡീഗഡ്: മുന്നാക്ക സംവരണ നയത്തിൽ നിന്ന് പിൻമാറി സിപിഐ. പാർട്ടി പരിപാടിയിലെ നയം മാറ്റം സംബന്ധിച്ച ഭേദഗതി പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. 'മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും സംവരണം വേണം' എന്ന വരി പാർട്ടി പരിപാടിയിൽ നിന്ന് എടുത്തു കളഞ്ഞു. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്നും പുതിയ പാർട്ടി പരിപാടിയിൽ സിപിഐ വ്യക്തമാക്കി.
സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണവും കൂട്ടിക്കുഴയ്ക്കണ്ട എന്ന നിലപാടിലാണ് സിപിഐ. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്ന് പുതിയ പാർട്ടി പരിപാടിയിൽ അഭിപ്രായമുയർന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സംബന്ധിച്ച നയം പാർട്ടി പിന്നീട് തീരുമാനിക്കും.
വി.എസ്. സുനിൽ കുമാറാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഭേദഗതി പ്രമേയം അവതരിപ്പിച്ചത്. കാനം രാജേന്ദ്രൻ അടക്കം മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ മുന്നാക്ക സംവരണത്തെ സിപിഐ അനുകൂലിച്ചത് ഈ പാർട്ടി നയം പറഞ്ഞായിരുന്നു.
അതേസമയം എൻഎസ്എസ് ഇടതിനോട് അടുക്കുന്ന സാഹചര്യത്തിൽ സിപിഐ നയം മാറ്റം വലിയ ചർച്ചകൾക്ക് വഴി വെക്കും. സമദൂര നിലപാടുമായി നിന്ന എന്‍എസ്എസിനെ ഇടതുപക്ഷത്തോട് അടുപ്പിക്കാന്‍ ആഗോള അയ്യപ്പ സംഗമത്തിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട സിപിഐ നിലപാട് എൻഎസ്എസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളെ ചൊടിപ്പിക്കുമോ എന്നത് കാത്തിരുന്ന് കാണാം.