കൊല്ലം: കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സിപിഐഎം മുന്‍ എംഎൽഎ പി. അയിഷാ പോറ്റി. താൻ ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണ് വന്നതെന്നും കോൺഗ്രസിൽ ചേരാനല്ലെന്നും അയിഷാ പോറ്റി പ്രസംഗിച്ചു. സിപിഐഎമ്മുമായി പൂര്‍ണമായി അകന്നു കഴിയുന്നതിനിടെയാണ് അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്.
താനൊരു പാർലമെൻ്ററി മോഹി അല്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞതെന്നും അയിഷാ പോറ്റി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പൊങ്കാല ഇടുകയാണ്. 15 വർഷം കൊണ്ട് കൊട്ടാരക്കരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് അഭിമാനത്തോടെ പറയാം. പൊങ്കാല ഇടുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും അയിഷാ പോറ്റി കൂട്ടിച്ചേർത്തു.
എല്ലാ രാഷ്ട്രീയക്കാരും കണ്ടു പഠിക്കേണ്ടയാളാണ് ഉമ്മൻചാണ്ടിയെന്ന് അയിഷാ പോറ്റി അനുസ്മരിച്ചു. തനിക്ക് യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ ബിജെപിയെന്നോ ഇല്ല. നല്ലത് ചെയ്താൽ നല്ലത് പറയണമെന്നും അത് പറയാൻ ഒരു പേടിയും ഇല്ലെന്നും അയിഷാ പോറ്റി പറഞ്ഞു.